നിങ്ങൾ എൽപിജി-ഗ്യാസ് സിലിണ്ടർ ഇ-KYC പൂർത്തിയാക്കിയോ? ഇല്ലെങ്കിൽ മുട്ടൻ പണി വരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പിന്നാലെ ഉടലെടുത്ത ഹോർമൂസ് പ്രതിസന്ധി പരിഹാരമില്ലാതെ തുടർന്നതോടെ ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലേയും ജനജീവിതം ദുസ്സഹമായിട്ട് മാസങ്ങളായി. പിന്നാലെ ഉടലെടുത്ത പാചക വാതകത്തിന്റെയും അവശ്യവസ്തുക്കളുടെയും വില വർധനയിൽ പെട്ട് ഞെരിയുന്ന ജനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മറ്റൊരു കടുംവെട്ട്. ബയോമെട്രിക് ആധാർ ഇ–കെവൈസി ആഗസ്ത് 16ന് മുമ്പ് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഗാർഹിക നിരക്കിൽ സിലിണ്ടർ നൽകില്ലെന്നാണ് തീരുമാനം. എൽപിജി ഗാർഹിക സിലിണ്ടർ ഉപയോക്താക്കൾക്ക് ഇ കൈവൈസി പൂർത്തിയാക്കാൻ ഇനി ബാക്കിയുള്ളത് വെറും പത്ത് ദിവസത്തോളം മാത്രമാണ്. ഇത് സംബന്ധിച്ച് ഗ്യാസ് ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
മതിയായ സാവകാശം നൽകാതെയും പ്രായമായവർക്കും സാങ്കേതികപരിജ്ഞാനം ഇല്ലാത്തവർക്കും ബദൽ മാർഗങ്ങൾ കാര്യക്ഷമമാക്കാതെയുമാണ് ഗാർഹിക ഗ്യാസ് സിലിണ്ടർ വിതരണം നിർത്താനുള്ള കേന്ദ്ര നീക്കം. ഇ–കെവൈസി പൂർത്തിയാക്കാത്തവർക്ക് നടപടിക്രമം പൂർത്തിയാക്കുന്നതുവരെ ഗാർഹിക നിരക്കിൽ 14.2 കിലോയുടെ സിലിണ്ടർ ലഭിക്കില്ലെന്നാണ് ഉപഭോക്താക്കൾക്ക് ലഭിച്ച സന്ദേശത്തിൽ പറയുന്നത്. ഇന്ത്യൻ, എച്ച്‌പി, ഭാരത് തുടങ്ങി എല്ലാ കമ്പനികളുടെ സിലിണ്ടറും ഈ നിയമത്തിൽ ഉൾപ്പെടുന്നുണ്ട്.
ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് കമ്പനികൾ സന്ദേശം അയക്കുന്നുണ്ട്. IndianOil ONE ആപ്പ് ഉപയോഗിച്ചോ എൽപിജി വിതരണ ഏജൻസിയിലോ, സിലിണ്ടർ എത്തിക്കുന്ന ജീവനക്കാരൻ വഴിയോ ഇ– കെവൈസി പൂർത്തിയാക്കാം. സിലിണ്ടർവിതരണത്തിനായി ഏജൻസി ജീവനക്കാർ വീട്ടിലെത്തുമ്പോഴും അപ്‌ഡേഷൻ നടത്താവുന്നതാണ്. ഓൺലൈൻ അപ്‌ഡേഷനായി കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാർ ഫെയ്‌സ് ആർഡി ആപ്പും ഫോണിൽ ഡൗൺലോഡ് ചെയ്യണം. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കൾ ഇ–കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ ആ ആനുകൂല്യവും താൽക്കാലികമായി നഷ്ടപ്പെടും. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കും സാധാരണ ഗാർഹിക ഉപഭോക്താക്കൾക്കും സന്ദേശം ലഭിച്ചിട്ടുണ്ട്.
2024ലാണ് ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഇ കെവൈസി പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. എന്നാലിത് നിർബന്ധമല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷവും ഇകെവൈസി ചെയ്‌തിരുന്നില്ല. പന്നീട് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സിലിണ്ടർ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഇത് കർശനമാക്കാൻ കേന്ദ്രം തീരുമാനിക്കുന്നത്. എൽപിജി ക്ഷാമം രൂക്ഷമായതോട് ഗ്യാസ് വില കുത്തനെ കൂട്ടിയും സബ്‌സിഡി വെട്ടിക്കുറച്ചുമുള്ള നിയന്ത്രണങ്ങൾ കുറച്ചൊന്നുമല്ല ജനങ്ങളെ കഷ്ടപ്പെടുത്തിയത്. അതിന് പിന്നാലെയാണ് പുതിയ നയവും.
നിലവിൽ ഇ കൈവസി പൂർത്തിയാക്കിയാൽ മാത്രമേ സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയൂ. ഗ്യാസ് സിലിണ്ടർ യഥാർഥ ഉടമകൾ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കാനാണ് അപ്‌ഡേഷൻ എന്നാണ് കമ്പനികളുടെ വാദം. അർഹരായ ഉപഭോക്താക്കളെ സ്ഥിരീകരിക്കുകയും സബ്സിഡി വിതരണം സുരക്ഷിതമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. പിഎം ഉജ്വൽ യോജന അടക്കമുള്ള ഗ്യാസ് സബ്‌സിഡി ലഭിക്കുന്ന പദ്ധതികളിലെ ഉപഭോക്‌താക്കളെ വെട്ടിക്കുറയ്‌ക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഉത്തരവ്. നിലവിൽ ലഭിക്കുന്നവരിൽ കണക്ഷൻ ഉടമ മരിച്ചെങ്കിൽ ഉടമസ്ഥാവകാശം മാറ്റി പ്രകിയ പൂറത്തീകരിക്കാൻ സമയം വേണ്ടി വരും. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് സമയപരിധി നിശ്ചയിച്ചത് എന്ന ആക്ഷേപം രാജ്യവാപകമായി ഉണ്ട്.
ഇ-കെവൈസി പൂർത്തിയാക്കേണ്ട വഴികൾ ഏതൊക്കെയെന്ന് നോക്കാം.
1) വിതരണ കമ്പനികളുടെ ആപ്ലിക്കേഷനും ആധാർ ഫേസ് ആർഡി ആപ്ലിക്കേഷനും ഉപയോഗിച്ച് ഓൺലൈനായി ചെയ്യാവുന്നതാണ്.
2) ബന്ധപ്പെട്ട ഗ്യാസ് വിതരണ ഏജൻസിയിൽ നേരിട്ടെത്തിയും ഇ-KYC പൂർത്തിയാക്കാം.
3) ഗ്യാസ് വിതരണം ചെയ്യാനെത്തുന്ന ഡെലിവറി ഏജന്റുമാരുടെ പക്കലുള്ള ഉപകരണം ഉപയോഗിച്ച് ചെയ്യാം
സംശയങ്ങൾക്ക് ടോൾഫ്രീ നമ്പറായ 1800 2333555 ൽ ബന്ധപ്പെടാവുന്നതാണ്.




