തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കും തിരിച്ചും 112 പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ഇതിൽ ദക്ഷിണ റെയിൽവേ 54 സർവീസുകളും മറ്റ് റെയിൽവേ സോണുകൾ 58 സർവീസുകളും നടത്തും. ചെന്നൈ സെൻട്രൽ, താംബരം, ചെന്നൈ എഗ്മോർ, മംഗളൂരു സെൻട്രൽ എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് പ്രധാന സർവീസുകൾ.
ഇതിന് പുറമെ ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, ചെർലപ്പള്ളി എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രത്യേക ട്രെയിനുകളും ഓടും. ഓണക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായാണ് പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.


