ആലപ്പുഴ: വേനൽച്ചൂടും അന്തരീക്ഷ താപനിലയും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സൂര്യതാപം, താപശരീരശോഷണം, ചൂടുകുരു, പേശീവലിവ് എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് അധികൃതർ അറിയിച്ചു.
പ്രായമായവർ, രക്തസമ്മർദ്ദം പോലുള്ള രോഗങ്ങൾക്ക് ചികിത്സയിലുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ തുടങ്ങിയവർ കൂടുതൽ ശ്രദ്ധ പുലർത്തണം. തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത്, ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കാത്തത്, നേരിട്ട് കനത്ത വെയിൽ ഏൽക്കുന്നത് എന്നിവ രോഗസാധ്യത വർധിപ്പിക്കും. അമിത വിയർപ്പ്, ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഛർദി എന്നിവ താപശരീരശോഷണത്തിന്റെ തുടക്ക ലക്ഷണങ്ങളാണ്. ശരീരത്തിൽ നിന്ന് വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം.
അതേസമയം, കടുത്ത ചൂടിൽ നേരിട്ട് ഇരിക്കുമ്പോൾ ഉണ്ടാകുന്ന ഗുരുതരാവസ്ഥയാണ് സൂര്യാഘാതം. ശക്തി കുറയുക, വേഗത്തിലുള്ള നാഡിമിടിപ്പ്, ഉയർന്ന ശരീരോഷ്മാവ്, ചുവന്ന വരണ്ട ചർമം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, അബോധാവസ്ഥ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തണുപ്പിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.




