മുംബൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ചതിനെ തുടർന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നു. നഗരത്തിലെ പല ഭാഗങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. മുലുണ്ടിൽ 218.6 മില്ലിമീറ്ററും, എസ് വാർഡ് ഓഫീസിൽ 212 മില്ലിമീറ്ററും, പവായിൽ 208.4 മില്ലിമീറ്ററും മഴ ലഭിച്ചു. പടിഞ്ഞാറൻ മുംബൈയിലെ സാന്റാക്രൂസിൽ 216 മില്ലിമീറ്ററും, അന്ധേരിയിൽ 204 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
കനത്ത മഴയെ തുടർന്ന് നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി. പല വാഹനങ്ങളും ഭാഗികമായി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
തുടർച്ചയായ മഴ നഗരജീവിതത്തെ ബാധിച്ചതോടെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. കനത്ത ചൂടിന് ആശ്വാസമാകേണ്ടിയിരുന്ന മൺസൂൺ ഇപ്പോൾ വെള്ളക്കെട്ടിന്റെയും ഗതാഗതക്കുരുക്കിന്റെയും പ്രശ്നങ്ങളിലേക്ക് മുംബൈയെ തള്ളിവിട്ടിരിക്കുകയാണ്.
താനെ, പൽഘർ, റായ്ഗാഡ് മേഖലകളിൽ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.




