കണ്ണൂർ: പയ്യന്നൂരിലെ തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പി.ടി അധ്യാപകൻ രഘുവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ജൂൺ 22-ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഭവത്തിലാണ് നടപടി.
13 വയസ്സുകാരനായ വിദ്യാർഥിയെ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും മർദിച്ച് പരിക്കേൽപ്പിച്ചെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) വകുപ്പുകൾക്കൊപ്പം, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പും ചുമത്തിയിട്ടുണ്ട്. വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ ജൂലൈ ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയായ അധ്യാപകനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
സംഭവത്തെക്കുറിച്ച് വിദ്യാർഥിയുടെ അമ്മ രഹനസ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. പനിയെത്തുടർന്ന് ഗ്രൗണ്ടിലേക്ക് പോകാതെ ക്ലാസിൽ ഇരുന്ന് നോട്ട് എഴുതാൻ പറഞ്ഞിരുന്നതായിരുന്നുവെന്നും, കളിസ്ഥലത്ത് വൈകിയെത്തിയതിന്റെ പേരിൽ അധ്യാപകൻ മകനെ കുനിച്ചുനിർത്തി നിരവധി തവണ വടികൊണ്ട് അടിച്ചെന്നും അവർ പറഞ്ഞു.
മർദനത്തിനിടെ കുട്ടിയുടെ തൊണ്ടയിൽ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയും ഭിത്തിയിലേക്ക് തള്ളുകയും ചെയ്തുവെന്നാണ് അമ്മയുടെ ആരോപണം. മർദനത്തെ തുടർന്ന് കുട്ടിക്ക് ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും, ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പുറത്ത് ഗുരുതര പരിക്കുകൾ കണ്ടെത്തിയതായും അവർ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും, പിന്നീട് ഡിവൈഎസ്‌പി ഓഫീസിൽ പരാതി നൽകിയതോടെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും രഹനസ് ആരോപിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
സംഭവം ഒത്തുതീർപ്പാക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചുവെന്ന ആരോപണവും വിദ്യാർഥിയുടെ അമ്മ ഉന്നയിച്ചു. ആശുപത്രിയിലെത്തിയ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകാതിരിക്കാൻ സമ്മർദം ചെലുത്തിയെന്നും, അധ്യാപകനെ താൽക്കാലികമായി മാറ്റിനിർത്താമെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചെന്നും അവർ പറഞ്ഞു.
ഇതേ അധ്യാപകൻ മുമ്പ് തന്റെ മൂത്ത മകനെയും സമാനരീതിയിൽ ആക്രമിച്ചിരുന്നുവെന്നും, അന്നും സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും രഹനസ് ആരോപിച്ചു.
അതേസമയം, സംഭവത്തിൽ സ്കൂൾ അധികൃതരും പോലീസും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.




