സുല്‍ത്താന്‍ബത്തേരി: ഹേമചന്ദ്രന്‍ കൊലപാതകത്തിലെ മുഖ്യ പ്രതി നൗഷാദ് ബംഗളൂരിലെത്തി. സൗദി അറേബ്യയില്‍ ജോലിക്കായി പോയ നൗഷാദ് ഇന്‍ഡിഗോ വിമാനത്തിലാണ് ബംഗളൂരുവിലെത്തിയത്. നിലവില്‍ എമിഗ്രേഷന്‍ കസ്റ്റഡിയില്‍ തുടരുകയാണ് പ്രതി. കേസ് അന്വേഷിക്കുന്ന കോഴിക്കോട് സിറ്റി പൊലീസ് ബെംഗളൂരിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. പൊലീസ് എത്തിയാല്‍ ഉടന്‍ തന്നെ നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങും.
നൗഷാദ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നായിരുന്നു ആദ്യം വിവരം ലഭിച്ചിരുന്നത്. പിന്നീടാണ് ബംഗളൂരിലേക്കാണ് എത്തുന്നതെന്ന വിവരം ലഭിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാര്‍, ബി.എസ്. അജേഷ് ,വൈശാഖ് എന്നിവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് നൗഷാദിന്റെ നിര്‍ദേശ പ്രകാരമാണ് ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടതെന്നാണ്. എന്നാല്‍ ഹേമചന്ദ്രന്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന കാര്യം ഇവര്‍ക്ക് അറിയില്ല. അത് അറിയണമെങ്കില്‍ നൗഷാദിനെ പൊലീസ് ചോദ്യം ചെയ്യണം.
ഹേമചന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നാണ് നൗഷാദ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.എന്നാല്‍ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റ് ശ്വാസം മുട്ടിയാണ് മരണം എന്നാണ് കണ്ടെത്തല്‍. നൗഷാദിനെ ചോദ്യം ചെയ്തശേഷമാകും നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക. കേസില്‍ രണ്ട് സ്ത്രീകള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കേസില്‍ ഇവരുടെ പങ്ക് എന്താണെന്നുള്ളതും നൗഷാദില്‍ നിന്ന് ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഹേമചന്ദ്രന്റെ ഡിഎന്‍എ പരിശോധനാഫലം ഉടന്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പരിശോധനാ ഫലം ലഭിച്ചശേഷം മാത്രമെ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കൂ.




