ന്യൂഡൽഹി: അനധികൃത നുഴഞ്ഞുകയറ്റവും ജനസംഖ്യാ വ്യതിയാനങ്ങളും പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനസംഖ്യാ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്‌ലേക്കറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തെ ചില മേഖലകളിൽ സാധാരണ ജനന-മരണ നിരക്കുകൾക്കപ്പുറം അസ്വാഭാവിക ജനസംഖ്യാ വ്യതിയാനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
മത-സാമൂഹിക വിഭാഗങ്ങൾക്കിടയിലെ ഘടനാപരമായ ജനസംഖ്യാ മാറ്റങ്ങൾ, അതിർത്തി കടന്നുള്ള സഞ്ചാരം, അനധികൃത കുടിയേറ്റം, സാമ്പത്തിക-സാമൂഹിക ഘടകങ്ങൾ എന്നിവ സമിതി പരിശോധിക്കും. ഒരു വർഷത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ദുർഗ ശങ്കർ മിശ്ര, മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഷമിക രവി, സെൻസസ് കമ്മിഷണർ എന്നിവർ സമിതി അംഗങ്ങളാണ്.
2024ൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗമായിരിക്കെ ഷമിക രവി തയ്യാറാക്കിയ ജനസംഖ്യാ റിപ്പോർട്ട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 1950 മുതൽ 2015 വരെയുള്ള കാലയളവിൽ ഹിന്ദു ജനസംഖ്യയുടെ ശതമാനം കുറഞ്ഞെന്നും മുസ്‌ലിം ജനസംഖ്യയുടെ വിഹിതം വർധിച്ചെന്നുമായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ.
ഈ റിപ്പോർട്ട് ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും, ചില ബി.ജെ.പി. നേതാക്കൾ പ്രത്യേക സമുദായത്തിന്റെ ജനസംഖ്യാ വർധനയെക്കുറിച്ചുള്ള ആശങ്ക ഉയർത്താൻ അതിനെ ഉപയോഗിച്ചിരുന്നു.
2022ലെ വിജയദശമി പ്രസംഗത്തിൽ എല്ലാവർക്കും ബാധകമായ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഓരോ കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവച്ചു.
“അനധികൃത കുടിയേറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഉണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങൾ രാജ്യത്തിന്റെ വർത്തമാനത്തിനും ഭാവിക്കും വെല്ലുവിളിയാകും. മത-സാമൂഹിക വിഭാഗങ്ങൾക്കിടയിലെ അസ്വാഭാവിക ജനസംഖ്യാ വ്യതിയാനങ്ങൾ സമിതി വിലയിരുത്തും,” എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തൽ, തടങ്കലിൽ പാർപ്പിക്കൽ, നാടുകടത്തൽ എന്നിവയ്ക്കായി സ്ഥിരമായ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ശുപാർശകളും സമിതി മുന്നോട്ടുവെക്കും.






