കോട്ടയം: സൗഹൃദങ്ങൾക്കും വിനോദങ്ങൾക്കുമായി നമ്മൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ ഇന്ന് സൈബർ കുറ്റവാളികളുടെ പ്രധാന താവളമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് സിനിമ, മാധ്യമം, ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യം വെച്ച് പുതിയ തരം ‘ഹണി ട്രാപ്’ രീതികൾ വർദ്ധിച്ചു വരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ പങ്കുവെച്ച അനുഭവം ഈ അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
പരിചയമില്ലാത്ത നമ്പറിൽ നിന്ന് “Where are you from?” എന്ന മെസ്സേജിലൂടെയാണ് ഈ കെണിയുടെ തുടക്കം. കൃത്യമായ മറുപടി നൽകാതിരുന്നിട്ടും ആവർത്തിച്ച് വീഡിയോ കോളുകൾ വരുന്നതാണ് ഇവരുടെ രീതി. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി കോൾ അറ്റൻഡ് ചെയ്തപ്പോൾ മറുതലയ്ക്കൽ കണ്ടത് അശ്ലീല പ്രദർശനം നടത്തുന്ന യുവതിയെയാണ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ കോൾ കട്ട് ചെയ്ത് നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും ഇത്തരം കെണികളിൽ പെട്ടുപോകുന്നവർ നിരവധിയാണ്.
സിനിമയിലോ മറ്റ് ഗ്ലാമർ മേഖലകളിലോ ഉള്ളവരാണെങ്കിൽ പെട്ടെന്ന് താല്പര്യം കാണിക്കുന്ന രീതിയിൽ മെസ്സേജുകൾ അയച്ച് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചാണ് ഇവർ അടുക്കുന്നത്. നിങ്ങൾ കോൾ അറ്റൻഡ് ചെയ്യുന്ന നിമിഷം മറുതലയ്ക്കൽ ഉള്ളവർ അശ്ലീലമായി പെരുമാറുകയും നിങ്ങളുടെ മുഖം സ്ക്രീനിൽ തെളിയുന്ന രീതിയിൽ അത് റെക്കോർഡ് ചെയ്തെടുക്കുകയും ചെയ്യുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരം സംഘങ്ങൾ സജീവമായ സാഹചര്യത്തിൽ അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.




