കൊച്ചി: എറണാകുളം വല്ലാർപാടത്ത് അച്ഛനെ മർദിച്ച കേസിൽ മകൻ അറസ്റ്റിൽ. മദ്യലഹരിയിൽ 72 കാരനായ പിതാവിനെ ക്രൂരമായി മർദിച്ച പ്രവീനിനെയാണ് മുളവുകാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേസിൽ വീണ്ടും നടപടി സ്വീകരിക്കുകയായിരുന്നു.
ലോട്ടറി വിൽപ്പനക്കാരനായ പിതാവിനെ പ്രവീൺ പതിവായി മദ്യപിച്ചെത്തി ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതിനുമുമ്പും അച്ഛനെ മർദിച്ചതുമായി ബന്ധപ്പെട്ട് ആറോളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കുടുംബാംഗങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന് ഇയാളെ പലപ്പോഴും വിട്ടയച്ചിരുന്നു.സംഭവങ്ങൾ ആവർത്തിച്ചതോടെ വിഷയം ആർഡിഒയ്ക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്ക് പോയ പ്രവീൺ കുറച്ചുകാലം മദ്യപാനം നിർത്തിയിരുന്നു. എന്നാൽ അടുത്തിടെ കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്ന് വീണ്ടും മദ്യപിച്ചെത്തി അച്ഛനെ ആക്രമിച്ചതായാണ് വിവരം. മർദനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.




