കോഴിക്കോട് : തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ മറവിൽ ഫറോക്ക് ടൗണിൽ സംഘർഷമുണ്ടാക്കാനുള്ള കോൺഗ്രസ് നേതാവും എം.പി.യുമായ ഷാഫി പറമ്പിലിന്റെ ശ്രമം പരാജയപ്പെട്ടു. എൽ.ഡി.എഫ്. നേതാക്കളും പ്രവർത്തകരും സംയമനം പാലിച്ചതിനെ തുടർന്നാണ് കുഴപ്പങ്ങൾ ഒഴിവായത്.
പോലീസുമായി നേരത്തേ ഉണ്ടാക്കിയ ധാരണപ്രകാരം ഫറോക്ക് നഗരത്തിൽ കൊട്ടിക്കലാശത്തിനായി മുന്നണികൾക്ക് പ്രത്യേകം സ്ഥലം നിശ്ചയിച്ചിരുന്നു. എൽ.ഡി.എഫ്. പ്രവർത്തകർക്ക് അനുവദിച്ച സ്ഥലത്ത് വൈകിട്ട് നാല് മണിമുതൽ പരിപാടികൾ നടന്നു. പരിപാടി അവസാനിക്കാൻ വെറും അഞ്ച് മിനുട്ട് മാത്രം ബാക്കിനിൽക്കെ, യു.ഡി.എഫിന് നിശ്ചയിച്ച റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് പോകാതെ ഷാഫി പറമ്പിലിന്റെ വാഹനം എൽ.ഡി.എഫ്. പ്രവർത്തകർക്കടുത്തെത്തി നിർത്തി. സ്ഥാനാർഥികൾ ഉൾപ്പെടെ നിരവധി ആളുകളോടൊപ്പം ബൈക്ക് റാലിയായെത്തിയ സംഘം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇതോടൊപ്പം ഒരു സംഘം പ്രവർത്തകർ ആക്രോശിച്ച് അടുത്തേക്ക് നീങ്ങിയതോടെ അന്തരീക്ഷം സംഘർഷാവസ്ഥയിലായി.
ഈ ഘട്ടത്തിൽ ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. ഗിരീഷ്, എൽ.ഡി.എഫ്. പ്രവർത്തകരോട് സംയമനം പാലിക്കാൻ മൈക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു. പ്രവർത്തകർ തമ്മിൽ വാക്കേറ്റം തുടങ്ങിയപ്പോഴും, എൽ.ഡി.എഫുകാർക്കരികിലുള്ള വാഹനത്തിന് മുകളിൽനിന്ന് പ്രസംഗിക്കാൻ ഷാഫി പറമ്പിൽ ഒരുങ്ങി. മറ്റ് യു.ഡി.എഫ്. നേതാക്കളും പ്രസംഗിക്കാൻ നിർബന്ധിക്കുന്നത് കാണാമായിരുന്നു.സംഘർഷത്തിലേക്ക് നീങ്ങുമെന്നായതോടെ ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത് എത്തി മുന്നോട്ട് നീങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രചാരണ സമയം അവസാനിച്ചതിനാൽ ഷാഫി പറമ്പിലിന് പ്രസംഗിക്കാനായില്ല, ഇത് യു.ഡി.എഫ്. നേതാക്കൾക്ക് നാണക്കേടായി.
തുടർന്നും യു.ഡി.എഫ്. പ്രകോപനത്തിന് ശ്രമിച്ചെങ്കിലും എൽ.ഡി.എഫ്. പ്രവർത്തകർ പിൻവലിഞ്ഞതോടെ കുഴപ്പമുണ്ടാക്കാനുള്ള അവസാന ശ്രമവും പരാജയപ്പെടുകയായിരുന്നു. വൈകിട്ട് രാമനാട്ടുകരയിലും കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടാക്കാനുള്ള ഷാഫിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു.




