യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ (യുഎസ്ഡിഎ) ഭക്ഷ്യ സുരക്ഷാ മാര്‍ഗനിര്‍ദേശം അനുസരിച്ച് വേവിച്ച ചിക്കന്‍ 40°F (4°C) അല്ലെങ്കില്‍ അതില്‍ താഴെയുള്ള താപനിലയില്‍ 3 മുതല്‍ 4 ദിവസം വരെ ഫ്രിഡ്ജില്‍ സുരക്ഷിതമായി സൂക്ഷിക്കാം. ഗ്രില്‍ ചെയ്തതോ, വറുത്തതോ ആയ ചിക്കന്‍ വിഭവങ്ങള്‍ക്കും ഇത് തന്നെ. മൂന്നോ നാലോ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചിക്കനില്‍ ബാക്ടീരിയ വളരാനുളള സാധ്യത വര്‍ധിക്കുന്നു. അതില്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ച് പാകം ചെയ്ത ഭക്ഷണം, പാകം ചെയ്തശേഷം രണ്ട് മണിക്കൂറിനുളളില്‍ റഫ്രിഡ്ജറേറ്ററില്‍ വയ്ക്കണം.
വേവിച്ച ചിക്കന്‍ വായൂ കടക്കാത്ത പാത്രത്തിലോ നന്നായി അടച്ച പാക്കറ്റിലോ സൂക്ഷിക്കണം. ഇത് ഈര്‍പ്പം നിലനിര്‍ത്തുകയും ബാക്ടീരിയകളില്‍ നിന്ന് രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഭക്ഷണം ചെറിയ പാത്രങ്ങളില്‍ ഇട്ട് സൂക്ഷിക്കുന്നത് ഭക്ഷണം വേഗത്തില്‍ തണുക്കാന്‍ സഹായിക്കുന്നു. വേഗത്തില്‍ തണുക്കുന്നതുകൊണ്ട് ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നു.
വേവിച്ച ചിക്കന്‍ ഫ്രിഡ്ജില്‍ വച്ചശേഷം നന്നായി ചൂടാക്കി ഉപയോഗിക്കേണ്ടതാണ്.






