പുറത്ത് നിന്ന് വാങ്ങുന്നതിനെക്കാൾ വീട്ടിൽ തന്നെ ചൂടോടെ തയാറാക്കുന്ന ഉണ്ണിയപ്പത്തിനൊരു പ്രത്യേക രുചിയാണ്. പണ്ടേ ഉണ്ണിയപ്പത്തിന് ഫാൻസ് കൂടുതലാണ്. ക്ഷേത്രങ്ങളിൽ നിന്ന് പ്രസാദമായി കിട്ടുന്ന ഉണ്ണിയപ്പമായിരുന്നു ആളുകൾക്ക് കൂടുതൽ ഇഷ്ടമെന്ന് വേണമെങ്കിൽ പറയാം. ഇനി ഗോതമ്പു പൊടി കൊണ്ടും ഉണ്ണിയപ്പം ഉണ്ടാക്കാം. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
ഗോതമ്പു പൊടി – ഒന്നര കപ്പ്
റവ – അര കപ്പ്
പഴം – 4 എണ്ണം
ഏലക്ക പൊടി – 1/2 ടീസ്പൂൺ
ജീരകപ്പൊടി – 1/2 ടീസ്പൂൺ
ചുക്ക് പൊടി – 1/2 ടീസ്പൂൺ
ബേക്കിങ് സോഡ – 3/4 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
ശർക്കര – 1 കപ്പ് / 250 ഗ്രാം
തേങ്ങാ കൊത്ത് – 1/4 കപ്പ്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗോതമ്പു പൊടി, റവ, ഏലക്കാപ്പൊടി, ജീരകപ്പൊടി, ചുക്ക് പൊടി, ബേക്കിങ് സോഡ, ഉപ്പ് എന്നിവ മിക്സിയിൽ അരച്ചെടുക്കുക. ഇനി മറ്റൊരു അടുപ്പിലേക്ക് ഒരു പാൻ വച്ച് ഒരു കപ്പ് വെള്ളം ഒഴിച്ച് ശർക്കര അലിയിച്ചെടുക്കുക. ഇത് ചൂടോടെ നേരത്തെ യോജിപ്പിച്ചു വച്ച പൊടിയിലേക്കു ഒഴിച്ച് നന്നായി യോജിപ്പിക്കുക. പഴം മിക്സിയിൽ നന്നായി അടിച്ചെടുത്ത് അതും കൂടി ചേർക്കുക. ശേഷം തേങ്ങാക്കൊത്തു വറുത്തതും കൂടി ചേർത്തു ആവശ്യത്തിന് വെള്ളം ചേർത്ത്, ചൂടായ ഉണ്ണിയപ്പ ചട്ടിയിലേക്ക് എണ്ണ ഒഴിച്ച ശേഷം മാവ് ഒഴിക്കുക. ഇതിന്റെ രണ്ടു ഭാഗവും ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്ത് ചൂടോടെ കഴിക്കാം.






