പാലക്കാട്: മണ്ണാർക്കാട് പാലക്കയം ചെത്തിയത്ത് വീട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിയ സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു . ബേബി തങ്കമ്മ – ദമ്പതികളുടെ മകൾ ശിൽപ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. കൈതച്ചിറ സ്വദേശി റോബിനാണ് ആക്രമണം നടത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
മൂന്നര വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തർക്കത്തെ തുടർന്ന് ശിൽപ സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതോടെയാണ് റോബിൻ വീട്ടിൽ എത്തി കത്തി കൊണ്ട് ആക്രമണം നടത്തിയത്. ശബ്ദം കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി ശിൽപ്പയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.






