മാധാപുർ: ഹൈദരാബാദിലെ മാധാപുർ അഞ്ജയ്യ നഗറിൽ നിർമാണത്തിലിരുന്ന ഏഴുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രാദേശിക പൊലീസും ദുരന്തനിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് സൈബരാബാദ് പൊലീസ് അറിയിച്ചു.
തകർന്ന കെട്ടിടത്തിന് നിർമാണ അനുമതി ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് എം.എൽ.എ അരേകപുടി ഗാന്ധി ആരോപിച്ചു. നിയമവിരുദ്ധ നിർമാണം ഉദ്യോഗസ്ഥർ നാല് മാസത്തോളം തടഞ്ഞിരുന്നെങ്കിലും അടുത്തിടെ വീണ്ടും നിർമാണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അടുത്തുള്ള കെട്ടിടത്തിലേക്ക് സെല്ലാർ നിർമാണം വ്യാപിപ്പിക്കാൻ ശ്രമിച്ചതാണ് കെട്ടിടം തകരാൻ കാരണമെന്നാണ് എം.എൽ.എയുടെ ആരോപണം. ശേരിലിംഗമ്പള്ളി മേഖലയിൽ നിരവധി നിയമവിരുദ്ധ നിർമാണങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം നിർമാണങ്ങളുടെ അപകടസാധ്യതയെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.



