തൃശൂർ∙ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോയെന്ന ചോദ്യത്തിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നൽകിയ മറുപടി വേദനിപ്പിച്ചെന്നു പരിഹാസം നേരിട്ട ആനന്ദവല്ലി. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയിലെ ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടിയായിരുന്നു വിവാദമായത്.
‘‘അടുത്ത വീട്ടിൽ പണിക്കു പോയിക്കൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ പരിപാടി കണ്ടത്. സഹകരണ ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെയാണ് ഞാൻ ചോദിച്ചത്. അതിന് അദ്ദേഹം മറുപടിയും തന്നില്ല, നല്ലൊരു വാക്കും പോലും പറഞ്ഞില്ല. അദ്ദേഹത്തിന്റെ രീതി അങ്ങനെയാകുമെന്നു ഞാൻ വിചാരിക്കുന്നു. എന്നാലും, ഒരു നല്ല വാക്ക് പറയാമായിരുന്നു. അങ്ങനെയൊരു വിഷമമുണ്ട്’’ – ആനന്ദവല്ലി പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപി മറുപടി. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്നു വയോധിക ചോദിച്ചതോടെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നൽകുകയായിരുന്നു.
തുടർന്ന് ‘‘കരുവന്നൂർ ബാങ്കിൽ നിന്ന് ഇ.ഡി പിടിച്ചെടുത്ത പണം തിരികെ തരാൻ മുഖ്യമന്ത്രി തയാറുണ്ടോ? ഇ.ഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങൾക്കു തരാനുള്ള സംവിധാനം ഒരുക്കാൻ തയാറുണ്ടെങ്കിൽ, ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാൻ ഇത് പറയുന്നത്. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂ’’ എന്നും സുരേഷ് ഗോപി പറഞ്ഞു.






