ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയിൽ നടന്ന ഓണോത്സവ് 2026ന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഡീൻ കുര്യാക്കോസ് എംപിയുടെയും റോയ് കെ. പൗലോസിന്റെയും ആവശ്യപ്രകാരം ഓണത്തോടനുബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് തുറക്കാൻ പ്രത്യേക ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ ദിവസവും ഡാം തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം കെഎസ്ഇബി ചെയർമാനുമായും ബോർഡ് അംഗങ്ങളുമായും ചർച്ച ചെയ്ത് ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.
ഇടുക്കി വൈദ്യുതി പദ്ധതി പ്രദേശത്ത് വലിയ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനും നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ടൂറിസം മേഖലയിലെ ഇടുക്കിയുടെ സാധ്യതകൾ ടൂറിസം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ഡാം രാജ്യത്തെ ശ്രദ്ധേയമായ എൻജിനീയറിങ് സൃഷ്ടിയാണെന്ന് മന്ത്രി പറഞ്ഞു. ഡാമിന്റെ പ്രത്യേകതകളും പ്രകൃതി സൗന്ദര്യവും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിൽ 57 ശതമാനമായി ഉയർന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ജലനിരപ്പ് 67 ശതമാനമായിരുന്നു. ഒരു ഘട്ടത്തിൽ ഈ വർഷം ജലനിരപ്പ് 22 ശതമാനം വരെ താഴ്ന്നിരുന്നു.
ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും യഥാർഥ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡ്, പാലം, വിദ്യാഭ്യാസം, മെഡിക്കൽ കോളജ്, മറ്റ് അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കും മുൻഗണന നൽകും. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കർഷകരുടെയും പ്രദേശവാസികളുടെയും താൽപര്യങ്ങളും സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേന്ദ്ര ടൂറിസം വകുപ്പിന്റെ ‘സ്വദേശി ദർശൻ’ പദ്ധതിയുടെ ഭാഗമായി ഇടുക്കിയിൽ വലിയ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഇടുക്കി ഡാമിന്റെ റിസർവോയറിന് സമീപം മലമ്പുഴ ഉദ്യാനത്തിന് സമാനമായ രീതിയിൽ പുതിയ പദ്ധതി ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിക്ക് കെഎസ്ഇബിയുടെയും വനംവകുപ്പിന്റെയും അനുമതി ആവശ്യമാണ്. ഡാം സുരക്ഷാ നിയമങ്ങളുടെ ഭാഗമായി 500 മീറ്റർ പരിധിയിൽ നിർമ്മാണങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. ആവശ്യമായ അനുമതികൾ ലഭിച്ചാൽ കേന്ദ്രസർക്കാരിന് പദ്ധതി സമർപ്പിക്കാനാകുമെന്ന് എംപി പറഞ്ഞു.


