ഇടുക്കി: എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖിൽ പൈലിയെ ജില്ലാ കമ്മിറ്റി അംഗമായി നിർദേശിച്ച് ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി. നിഖിൽ പൈലി ഉൾപ്പെടെ അഞ്ച് പേരുടെ പേരുകളാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.പി. മാത്യു നാമനിർദേശം ചെയ്തത്. ഇതുസംബന്ധിച്ച കത്തും പുറത്തുവന്നു.
മജോ കാരിമുട്ടം, ജോയി വടക്കേടം, വർക്കി ആലയ്ക്കാപ്പറമ്പിൽ, ജോർജ് ജോസഫ്, നിഖിൽ പൈലി എന്നിവരെയാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായി നിർദേശിച്ചിരിക്കുന്നത്.
2022 ജനുവരി 10-ന് ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയാണ് നിഖിൽ പൈലി.
പോളിംഗ് കഴിഞ്ഞ് വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞുപോകുന്നതിനിടെയുണ്ടായ സംഘർഷത്തിനിടെ ധീരജിന് നെഞ്ചിൽ കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ധീരജ് പിന്നീട് മരിക്കുകയായിരുന്നു.





