മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ വീണ്ടും അതൃപ്തിയുമായി മുസ്ലീം ലീഗ്. അധികാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടികള്‍ യുഡിഎഫിന്റെ രീതിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
ഒപ്പം, യുഡിഎഫിന്റെ യോഗം ചേര്‍ന്ന് മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ അത് വേണ്ടെന്ന് പറയില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു. അത് യുഡിഎഫ് കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും അതുവരെയുള്ള ചര്‍ച്ചകളെല്ലാം മുന്നണിയുടെ സല്‍കീര്‍ത്തിക്ക് അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.




