പര്‍മേഷ് ഷഹാനി
ഗോദ്റെജ് ഇന്‍ഡസ്ട്രീസ്
എല്ലാവരേയും ഉള്‍പ്പെടുത്തുന്നതും മാനസിക ആരോഗ്യവും ജോലി സ്ഥലങ്ങളില്‍ പ്രത്യേകമായി കാണേണ്ട ഒന്നല്ല. ഓരോ വ്യക്തിക്കും തങ്ങളുടേതായ സ്വത്തം കൈവിടാതെ തന്നെ തങ്ങളുടെ വ്യക്തിത്വം സൂക്ഷിച്ചു കൊണ്ട് മികച്ച രീതിയില്‍ തൊഴിലിടങ്ങളില്‍ മുന്നോട്ടു പോകാനാവണം. എല്‍ജിബിടിക്യൂഐഎപ്ലസ് ജീവനക്കാര്‍ക്ക് അവരുടെ ക്ഷേമം എന്നത് വ്യക്തിത്വവുമായി വളരെയടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
ലിംഗഭേദത്തോടു കൂടിയ മാനസിക ആരോഗ്യ ചട്ടക്കൂടുകള്‍ക്കും അപ്പുറത്താണ് തൊഴിലിടങ്ങളിലെ ക്ഷേമത്തിന്‍റെ പ്രാധാന്യമെന്ന് ഇന്നു പുരോഗമന സ്ഥാപനങ്ങള്‍ മനസിലാക്കുന്നുണ്ട്. ലിംഗം, ലൈഗിതക, ഭിന്നശേഷി, ന്യൂറോ വൈവിധ്യം, ജീവനക്കാരുടെ ജീവിത അനുഭവങ്ങള്‍ എന്നിവയിലെ വ്യത്യാസങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. ക്വീര്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ തൊഴിലിടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാരംഭഘട്ടം മാനസികമായ സുരക്ഷിതത്വമാണ്.
മുന്‍വിധിയോടെ അവര്‍ വീക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. അവര്‍ ആരെന്നതിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനവും വ്യത്യാസവും ഉണ്ടാകാനും പാടില്ല. തങ്ങള്‍ ബഹുമാനിക്കപ്പെടുന്നു എന്ന് ജനങ്ങള്‍ക്ക് തോന്നലുണ്ടാകുമ്പോള്‍ സമ്മര്‍ദ്ദത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഇല്ലാതാകുന്നു. കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആത്മവിശ്വാസം വളര്‍ത്താനും ജോലിയില്‍ കൂടുതലായി മുഴുകാനും ഇതു വഴിയൊരുക്കുന്നു.
എന്നിരുന്നാലും ഉള്‍പ്പെടുത്തല്‍ എന്നത് ഒരിക്കലും വെറുമൊരു പ്രഹസനമാകരുത്. ഇത്തരം കാര്യങ്ങളില്‍ ഒറ്റത്തവണത്തേക്കുള്ള പ്രചാരണമോ കേവലം പ്രകടനങ്ങളോ കൊണ്ടായില്ല. സ്ഥാപനത്തിന്‍റെ രീതികളിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഇവയെല്ലാം ഉള്‍പ്പെടുത്തിയാലേ എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള മുന്നേറ്റം യാഥാര്‍ത്ഥ്യമാകൂ. പങ്കാളികള്‍ക്ക് ആരോഗ്യ സേവന ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, എല്‍ജിബിടിക്യൂഐഎപ്ലസ് വിഷയങ്ങള്‍ മനസിലാകുന്ന മാനസികാരോഗ്യ പ്രൊഫഷണലുകളുടെ സേവനം ലഭ്യമാക്കല്‍, കൃത്യമായ നയങ്ങള്‍ നടപ്പാക്കല്‍, ആശയ വിനിമയങ്ങള്‍ക്കും പരാതി പരിഹാരത്തിനും സുരക്ഷിതമായ ചാനലുകള്‍ സൃഷ്ടിക്കുക തുടങ്ങിയവയെല്ലാം ഇതിന്‍റെ ഭാഗമായി നടത്തണം. ഇത്തരം നടപടികള്‍ കൃത്യമായ ആലോചനയോടെ നടപ്പിലാക്കുമ്പോള്‍ വൈവിധ്യത്തെ വെറുമൊരു ഔദ്യോഗിക കടമയായി കാണുന്നതിന് പകരം ജീവനക്കാരുടെ ക്ഷേമത്തിന് സ്ഥാപനം യഥാര്‍ത്ഥ മൂല്യം നല്‍കുന്നു എന്ന സന്ദേശമാണ് അത് നല്‍കുന്നത്.
ജീവനക്കാരുടെ ലൈംഗിക അഭിരുചിയെയോ ലിംഗ സ്വത്വമോ വെളിപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ ഒരിക്കലും അവരെ നിര്‍ബന്ധിക്കരുത്. പല ക്വീര്‍ ജീവനക്കാരും തങ്ങളുടെ വ്യക്തിത്വം തൊഴിലിടങ്ങളില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവരാകാം, അവരുടെ സ്വകാര്യത എപ്പോഴും ബഹുമാനിക്കപ്പെടണം. ഒരാള്‍ തന്‍റെ സ്വത്വം വെളിപ്പെടുത്തിയോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ പിന്തുണയും ആനുകൂല്യങ്ങളും എല്ലാവര്‍ക്കും ലഭ്യമാകണം. കാലക്രമേണ, ഉള്‍ക്കൊള്ളുന്ന നയങ്ങളും സുരക്ഷിതമായ അന്തരീക്ഷവും തങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാന്‍ ജീവനക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കിയേക്കാം, എങ്കിലും അത്തരം തീരുമാനങ്ങള്‍ പൂര്‍ണ്ണമായും വ്യക്തിപരമായിരിക്കണം.
ജീവനക്കാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലും അവരെ സ്ഥാപനത്തില്‍ നിലനിര്‍ത്തുന്നതിലും മാനസിക സുരക്ഷിതത്വം നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ക്വീര്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്നും പിന്തുണയ്ക്കപ്പെടുന്നുണ്ടെന്നും തോന്നുമ്പോള്‍, അവര്‍ക്ക് അവരുടെ ഊര്‍ജ്ജം സര്‍ഗ്ഗാത്മകതയിലേക്കും സഹകരണത്തിലേക്കും പ്രശ്നപരിഹാരങ്ങളിലേക്കും ഫലപ്രദമായി കേന്ദ്രീകരിക്കാന്‍ കഴിയും. വൈകാരികമായി സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങള്‍ വൈവിധ്യമാര്‍ന്ന പ്രതിഭകളെ ആകര്‍ഷിക്കാനും സാധിക്കുന്നു. ആളുകള്‍ക്ക് തുറന്ന മനസ്സോടെ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കുമ്പോള്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവിടെ വളരുകയും, ഇഅതിലൂടെ ടീം പ്രവര്‍ത്തനങ്ങളും ബിസിനസ്സ് വിജയത്തെയും കൂടുതല്‍ ശക്തമാകുകയും ചെയ്യുന്നു.
ഇന്ത്യന്‍ സാഹചര്യത്തില്‍ മാനസിക ആരോഗ്യമെന്നത് സാമൂഹിക, സാംസ്ക്കാരിക യാഥാര്‍ത്ഥ്യങ്ങളുടെ ആഴത്തിലുള്ള സ്വാധീനത്തിനു വിധേയമാണെന്നതും ഇതോടൊപ്പം മനസിലാക്കേണ്ടതുണ്ട്. എല്‍ജിബിടിക്യൂഐഎപ്ലസ് ജീവനക്കാര്‍ക്ക് സുരക്ഷിതരാണെന്ന് തൊഴിലിടങ്ങളില്‍ തോന്നലുണ്ടാകുന്നത് അവരുടെ മാനസിക ക്ഷേമത്തെ പ്രത്യക്ഷമായി തന്നെ സ്വാധീനിക്കുന്നതാണ്.
ഇക്കാര്യം മനസിലാക്കുന്ന സ്ഥാപനങ്ങള്‍ സമഗ്രമായ സംവിധാനങ്ങളും ജിവനക്കാര്‍ക്ക് പിന്തുണയും നല്‍കും. ഈ ബന്ധം തിരിച്ചറിയുന്ന സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ കേവലം തൊഴിലാളികളായല്ല, മറിച്ച് വ്യക്തികളായി കണ്ട് പിന്തുണയ്ക്കുന്ന സമഗ്രമായ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കും. ഈ യാത്രയിലെ പ്രധാന ഘട്ടങ്ങള്‍ എന്നത് സാമൂഹികമായ മാറ്റിനിര്‍ത്തലുകള്‍ ഇല്ലാതാക്കുക, തുറന്ന സംഭാഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, വിശ്വാസം വളര്‍ത്തുക എന്നിവയാണ്.
വികസിത് ഭാരത് 2047 എന്നതിനൊപ്പം എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള തൊഴിലിടങ്ങള്‍ എന്നത് സാധ്യമാക്കാന്‍ നയങ്ങള്‍ക്കും അപ്പുറത്തേക്കു പോയി ദീര്‍ഘകാല സാംസ്ക്കാരിക മാറ്റങ്ങളിലേക്കാവും ചെല്ലുന്നത്. ഇവിടെ നേതൃത്വത്തിന് നിര്‍ണായക പങ്കുണ്ട്. നേതാക്കള്‍ സജീവമായി പിന്തുണ പ്രകടിപ്പിക്കുകയും, ഉഎല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയും,തങ്ങളുടെ പരിമിതികള്‍ തുറന്നുപറയാന്‍ തയ്യാറാവുകയും ചെയ്യുമ്പോള്‍, വിശ്വാസത്തിലും ഉള്‍പ്പെടലിലും അടിയുറച്ച ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ അത് സഹായിക്കുന്നു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മാനസികമായി ആരോഗ്യകരവുമായ തൊഴിലിടങ്ങള്‍ കെട്ടിപ്പടുക്കുക എന്നത് നിരന്തരമായ ഒരു പ്രക്രിയയാണ്. ഇതിന് ജീവനക്കാരെ തുടര്‍ച്ചയായി ശ്രദ്ധിക്കുന്നതും, അവരുടെ അഭിപ്രായങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നതും അത്യാവശ്യമാണ്. തങ്ങളുടെ അടിസ്ഥാന മൂല്യങ്ങളില്‍ ഉള്‍ക്കൊള്ളലും, ക്ഷേമവും സമന്വയിപ്പിക്കുന്നതിലൂടെ വ്യക്തികളെ പിന്തുണയ്ക്കുകയും ടീമുകളെ ശക്തിപ്പെടുത്തുകയും കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്യുന്ന കരുത്തുറ്റ സംസ്കാരം രൂപപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കും.






