കോഴിക്കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നു. പ്രചാരണത്തിന്റെ കൊട്ടിക്കലാശം ടൗണ്‍ കേന്ദ്രീകരിച്ച് നടത്തുന്നത് ഒഴിവാക്കാനും അത് വാര്‍ഡ് തലത്തില്‍ മാത്രം നടത്താനും യോഗം തീരുമാനിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ ആളുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പരിസരത്ത് ആഹ്ലാദപ്രകടനം നടത്തുന്നത് ഒഴിവാക്കി.
വിജയാഹ്ലാദപ്രകടനം വോട്ടെണ്ണല്‍ ദിവസം വൈകുന്നേരം ആറുമണിവരെ വാര്‍ഡ് തലത്തില്‍ മാത്രം നടത്തുന്നതിന് തീരുമാനിച്ചു. തീരുമാനങ്ങള്‍ താഴെക്കിടയില്‍ എത്തിക്കുന്നതിന് പഞ്ചായത്ത് തലത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം പോലീസിന്റെ നേതൃത്വത്തില്‍ ചേരാനും തീരുമാനിച്ചു.
നാദാപുരം ഡിവൈഎസ്പി ഓഫീസില്‍ വിളിച്ച ചേര്‍ത്ത യോഗത്തില്‍ നാദാപുരം ഡിവൈഎസ്പി എ.കുട്ടികൃഷ്ണന്, നാദാപുരം ഇന്‍സ്പെക്ടര്‍ ടി.എം.നിതീഷ്, കുറ്റ്യാടി ഇന്‍സ്പെക്ടര്‍ എസ്.ബി.കൈലാസ്നാഥ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി പി കുഞ്ഞികൃഷ്ണന്,സൂപ്പി നരിക്കാട്ടേരി, കരിമ്പില്‍ ദിവാകരന്, കുഞ്ഞിക്കണ്ണന് പി.പി, രവീന്ദ്രന് കെ ടി, പി ദാമു, എന്‍ കെ മൂസ, കെ ടി കെ ചന്ദ്രന്, സുഗതന് ടി. കെജി ലത്തീഫ്, പി പി അശോകന്, പി സി ഷൈജു എന്നിവര്‍ പങ്കെടുത്തു.










