ആലപ്പുഴ: അസാധാരണ രൂപമാറ്റത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് അഞ്ച് മാസം പിന്നിട്ടിട്ടും ആരോഗ്യ വകുപ്പ് സമർപ്പിച്ചില്ല. വിഷയത്തിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത് മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത ആയിരുന്നു.
ജനുവരി 13ന് ആലപ്പുഴയിൽ നടന്ന സിറ്റിങ്ങിൽ കുഞ്ഞിന്റെ തുടർചികിത്സ സംബന്ധിച്ച് വ്യക്തത വേണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ കമ്മിഷനെ സമീപിച്ചിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറോട് കമ്മിഷൻ റിപ്പോർട്ട് തേടി. ആലപ്പുഴ വനിതാ-ശിശു ആശുപത്രിയിലെ രണ്ട് ഗൈനക്കോളജിസ്റ്റുമാർക്ക് സംഭവത്തിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയെന്നും നടപടി സർക്കാർ തലത്തിൽ സ്വീകരിക്കേണ്ടതാണെന്നും ഡയറക്ടർ മറുപടി നൽകി. ഇതിന് പിന്നാലെയാണ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദേശിച്ചത്.
റിപ്പോർട്ട് വൈകുന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പിന് വീണ്ടും കത്ത് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഒരുങ്ങുകയാണ്.
2024 നവംബർ 8നാണ് ആലപ്പുഴ സ്വദേശികളായ ദമ്പതികൾക്ക് അസാധാരണ രൂപമാറ്റത്തോടെ കുഞ്ഞ് ജനിച്ചത്. ഗർഭകാലത്ത് സർക്കാർ ആശുപത്രിയിലും സ്വകാര്യ സ്കാനിങ് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനകളിൽ കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനായിരുന്നില്ല. സംഭവത്തിന് പിന്നാലെ കുഞ്ഞിന്റെ ചികിത്സയും തുടർപരിചരണവും സൗജന്യമാക്കുമെന്ന് മുൻ ആരോഗ്യ മന്ത്രി വീണാ ജോർജും, ‘കരുതലും കൈത്താങ്ങും’ പദ്ധതിയിലൂടെ സഹായം ഉറപ്പാക്കുമെന്ന് മുൻ മന്ത്രി സജി ചെറിയാനും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നാണ് പരാതി.
കുഞ്ഞിന് ലഭിച്ചുകൊണ്ടിരുന്ന സൗജന്യ പോഷകാഹാര വിതരണവും പിന്നീട് നിലച്ചതായും കുടുംബം ആരോപിക്കുന്നു.






