ന്യൂഡൽഹി: ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾ പരസ്പരം ഏറ്റുമുട്ടരുതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. സഖ്യത്തിലെ കക്ഷികൾ തമ്മിലുള്ള പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾ ബി.ജെ.പി. രാഷ്ട്രീയമായി ഉപയോഗിക്കുമെന്നും രാഹുൽ പറഞ്ഞു.
സംസ്ഥാനതലത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അവ ദേശീയതലത്തിൽ പ്രതിഫലിക്കരുതെന്നും രാഹുൽ വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ചർച്ച ചെയ്യാൻ ചേർന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് രാഹുലിന്റെ പരാമർശം.
‘എനിക്ക് ഈഗോ ഇല്ല’; ബേബിയുടെ നിർദേശത്തെ പിന്തുണച്ച് മമത
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ പൊതുസമൂഹത്തെയും അണിനിരത്തണമെന്ന സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നിർദേശത്തെ മമത ബാനർജി പിന്തുണച്ചു. തനിക്ക് ഈഗോ ഇല്ലെന്നും ജനാധിപത്യ സംരക്ഷണത്തിനായി എല്ലാവരും ഒന്നിക്കണമെന്നും മമത പറഞ്ഞു.
പൊതുസമൂഹത്തെയും ആക്ടിവിസ്റ്റുകളെയും ഉൾപ്പെടുത്തി പ്രതിഷേധം ശക്തമാക്കണമെന്ന നിർദേശമാണ് ബേബി മുന്നോട്ടുവച്ചത്. ബേബി തനിക്ക് കത്തെഴുതിയതായും അതിന് മറുപടി നൽകിയതായും മമത യോഗത്തിൽ അറിയിച്ചു. സി.പി.എം. ഉൾപ്പെടെയുള്ള ഇടതുപാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന നിലപാടും മമത യോഗത്തിൽ വ്യക്തമാക്കി.
യോഗത്തിൽ കപിൽ സിബലിന്റെ നിയമോപദേശം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ സ്വീകരിക്കാവുന്ന നിയമനടപടികളെക്കുറിച്ച് മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ യോഗത്തിൽ വിശദീകരിച്ചു. സിബൽ മുന്നോട്ടുവച്ച ചില നിർദേശങ്ങൾ യോഗം അംഗീകരിച്ചതായാണ് റിപ്പോർട്ട്.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കോടതികളുടെ പരിഗണനയിലുള്ള കേസുകളിൽ അടിയന്തരമായി തീർപ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നൽകാനും യോഗത്തിൽ ധാരണയായി. അതേസമയം, ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.




