യുണൈറ്റഡ് നേഷൻസ്: ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ ഊർജ്ജവും സാമ്പത്തിക സുരക്ഷയും ആശ്രയിക്കുന്ന പ്രധാന നാവിക പാതയായ ഹോർമുസിൽ സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി യോജ്ന പട്ടേൽ സുരക്ഷാ സമിതിയിൽ നടത്തിയ പ്രസ്താവനയിൽ, വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്ന സൈനിക നടപടികൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ ദൗർഭാഗ്യകരമാണെന്നും സിവിലിയൻ ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവർ പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ നാവിക ഗതാഗത സ്വാതന്ത്ര്യം തടസ്സപ്പെടുന്നത് ആഗോള വ്യാപാരത്തെയും ഊർജ്ജ വിതരണ ശൃംഖലയെയും ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ വർധിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന കാര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഏകദേശം ഒരു കോടി ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നതായും അവരുടെ സുരക്ഷയും ക്ഷേമവും ഇന്ത്യയുടെ പ്രധാന മുൻഗണനയാണെന്നും യോജ്ന പട്ടേൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സംഘർഷം കുറയ്ക്കാൻ നയതന്ത്രവും സംഭാഷണവും അനിവാര്യമാണെന്നും അവർ ആഹ്വാനം ചെയ്തു.




