ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബംഗാളിലെ വിജയത്തെ “ചരിത്രപരവും നിർണ്ണായകവും” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മോദിയെപ്പോലൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി എക്സിലൂടെയാണ് ട്രംപിന്റെ പ്രതികരണം പങ്കുവെച്ചത്. പിന്നീട് ഇന്ത്യയിലെ അമേരിക്കൻ എംബസിയും ഈ വിവരം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം നടന്ന ഫോൺ സംഭാഷണത്തിൽ ട്രംപ് മോദിയോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നുവെന്നും, തെരഞ്ഞെടുപ്പ് വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തിയത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. 15 വർഷമായി അധികാരത്തിലിരുന്ന മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിനാണ് ഇതോടെ അവസാനമായത്. ബംഗാളിലെ ഈ വിജയം ബിജെപിക്കും നരേന്ദ്ര മോദിക്കും വലിയ രാഷ്ട്രീയ നേട്ടമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.






