സുല്‍ത്താന്‍ബത്തേരി: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലുണ്ടായതായി ആരോപിക്കുന്ന അഴിമതി പുതിയ സർക്കാർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരിയിൽ യൂത്ത് കോൺഗ്രസ് തീപന്തം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. രാത്രി എട്ടുമണിയോടെ നഗരത്തിൽ ശക്തമായ മഴ പെയ്തിട്ടും പ്രതിഷേധക്കാർ സമരം തുടർന്നു.
ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് നേതൃത്വം നൽകുന്നത് സിപിഎം ആണെന്നും ഇടതുസർക്കാരിന്റെ കാലത്ത് നടന്നതായി ആരോപിക്കുന്ന വൻ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ബ്രഹ്മഗിരിയുടെ പേരിൽ സിപിഎം നേതാക്കൾ ഓഹരിയുടമകളുടെ പണം കൈക്കലാക്കിയതടക്കമുള്ള വിഷയങ്ങളിൽ സമഗ്ര അന്വേഷണം ഉണ്ടാകുന്നത് വരെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ് പറഞ്ഞു.
മലബാർ മീറ്റ് ഫാക്ടറി ഉൾപ്പെടെയുള്ള ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്കായി 600 നിക്ഷേപകരിൽ നിന്നായി 100 കോടിയിലധികം രൂപ സമാഹരിച്ചിരുന്നുവെന്നാണ് ആരോപണം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിക്ഷേപകർക്ക് പലിശയോ നിക്ഷേപ തുകയോ തിരികെ ലഭിച്ചിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരുമാണ് നിക്ഷേപകരിൽ ഭൂരിഭാഗവും.
കേരള ചിക്കൻ പദ്ധതിയിൽ പങ്കാളികളായ നൂറോളം കർഷകർക്ക് നൽകാനുള്ള 3.5 കോടിയിലധികം രൂപയും കുടിശ്ശികയായിട്ടുണ്ട്. ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. അതേസമയം പണം നഷ്ടപ്പെട്ടവരിൽ പരസ്യമായി പരാതി ഉന്നയിച്ചവരുമായി അധികാരികൾ ചർച്ച നടത്തുകയും ചില പരാതികൾ പണം നൽകി ഒത്തുതീർക്കാൻ ശ്രമിക്കുകയാണെന്നും അമൽ ജോയ് ആരോപിച്ചു.






