എഡ്മിന്റണ്‍ : കാനഡയിലെ എഡ്മിന്റണില്‍ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം. 44 വയസുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്.
ശ്വാസംമുട്ടലും നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ പ്രശാന്തിനെ ചികിത്സിക്കാനായി എട്ട് മണിക്കൂറിലേറെ സമയം അധികൃതര്‍ കാത്തുനിര്‍ത്തിയതായി പിതാവ് കുമാര്‍ ശ്രീകുമാര്‍ ആരോപിച്ചതായി ‘ഗ്ലോബല്‍ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് പ്രശാന്തിന്റെ ഭാര്യയും ആരോപിക്കുന്നു.
ഡിസംബര്‍ 22നാണ് സംഭവം ഉണ്ടായത്. ജോലിസ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ പ്രശാന്തിനെ ഉടന്‍ തന്നെ തെക്കുകിഴക്കന്‍ എഡ്മിന്റണിലെ ഗ്രേ നണ്‍സ് ആശുപത്രിയിലെത്തിച്ചു. ഇയാളോട് ട്രയാജിലെ ആദ്യഘട്ട പരിശോധനയ്ക്കുശേഷം കാത്തിരിക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലെ വെയിറ്റിങ് റൂമില്‍ പിതാവ് കുമാര്‍ ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളമാണ് പ്രശാന്ത് ചികിത്സയ്ക്കായി കാത്തിരുന്നത്.
വേദന സഹിക്കാനാവുന്നില്ലെന്ന് പ്രശാന്ത് പിതാവിനോട് പറഞ്ഞിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതരോടും പറഞ്ഞു. എന്നാല്‍ ഇസിജി എടുത്ത ശേഷം കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതികഠിനമായ വേദന സഹിച്ചിരുന്നെങ്കിലും ടൈലനോള്‍ എന്ന സാധാരണ വേദനസംഹാരി നല്‍കി കാത്തിരിക്കാന്‍ ആവശ്യപ്പെടുക ആയിരുന്നു.
എട്ടു മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം പ്രശാന്തിനെ എമര്‍ജന്‍സി മുറിയിലേക്ക് വിളിച്ചു. എന്നാല്‍ കസേരയില്‍ ഇരുന്ന ഉടന്‍ തന്നെ പ്രശാന്ത് നെഞ്ചില്‍ കൈവെച്ച് പിതാവിന്റെ മുന്നിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. നഴ്സുമാര്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു.




