തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതിയില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരായ അന്വേഷണം പ്രത്യേക സംഘ(എസ്‌ഐടി)ത്തിന്. സിറ്റി പൊലീസ് കമ്മീഷണറുടെ തീരുമാനപ്രകാരം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഗൺമാൻ അനിൽ കുമാറിനെയും കേസിൽ ഉൾപ്പെടുത്തി അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസിനെ കുറിച്ച് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് നേരത്തെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസ് ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2022 ജൂൺ 13-ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിനുള്ളിലായിരുന്നു സംഭവം. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ഇ പി ജയരാജൻ തള്ളിയിടുകയായിരുന്നു എന്നാണ് ആരോപണം.
സംഭവത്തിൽ ഇൻഡിഗോ അന്വേഷണവും നടത്തിയിരുന്നു. തുടർന്ന് ഇ പി ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹം ഇൻഡിഗോ വിമാനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കിയിരുന്നു. പിന്നീട് കേന്ദ്ര നേതാവിന്റെ മരണാനന്തര ചടങ്ങിനായി ഡൽഹിയിലേക്ക് യാത്ര ചെയ്തതോടെയാണ് ബഹിഷ്‌കരണം അവസാനിപ്പിച്ചത്.






