ഇൻഡോർ: ഇൻഡോറിൽ കുടിവെള്ളത്തിൽ മലിനജലം കലർന്നുണ്ടായ ദുരന്തത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് മധ്യപ്രദേശ് സർക്കാർ. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ (ഐഎംസി) അഡിഷണൽ കമ്മീഷണർ, സൂപ്രണ്ടിങ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥാനമാറ്റാൻ സർക്കാർ നിർദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ഇൻഡോറിലെ മലിനജല ദുരന്തത്തിൽ മരണസംഖ്യ 10 ആയി ഉയർന്നു. പ്രധാന ജലവിതരണ പൈപ്പ്‌ലൈനിലുണ്ടായ ചോർച്ചയാണ് കുടിവെള്ള മലിനീകരണത്തിന് കാരണമെന്നാണ് ഐഎംസി കണ്ടെത്തിയത്. പൈപ്പിന് മുകളിലായി നിർമിച്ച ശുചിമുറിയിൽ നിന്നുള്ള മലിനജലം കുടിവെള്ളത്തിലേക്ക് കലർന്നതാണ് അപകടത്തിന് ഇടയായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
അതേസമയം, സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ജനങ്ങൾക്ക് വിതരണം ചെയ്തത് വെള്ളമല്ല, വിഷമാണെന്നും ബന്ധപ്പെട്ട അധികൃതർ കുംഭകർണനെപ്പോലെ ഉറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ട ജനങ്ങൾ നിസ്സഹായരായി ദുരിതം അനുഭവിക്കുമ്പോൾ, ഹൃദയശൂന്യരായ ചില നേതാക്കൾ അനാവശ്യ പരാമർശങ്ങൾ നടത്തുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.




