വിശാഖപട്ടണം: ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് ‘ഐഎൻഎസ് സൂര്യ’ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (HSL) കടലിലിറക്കി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇതിനൊപ്പം അഞ്ചാമത്തെ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പിന്റെ കീൽ ലൈയിംഗ് ചടങ്ങും നവീകരിച്ച സ്ലിപ്വേ-4, 300 ടൺ ശേഷിയുള്ള പുതിയ ഗൊലിയാത്ത് ക്രെയിൻ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഇന്ത്യയുടെ സമുദ്ര പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ നിർണായക ചുവടുവെപ്പാണിതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. വലിയ അളവിൽ ഇന്ധനവും മറ്റ് സാധനങ്ങളും സംഭരിക്കാനും കടലിൽ വെച്ചുതന്നെ യുദ്ധക്കപ്പലുകൾക്ക് ഇന്ധനവും ആവശ്യമായ വസ്തുക്കളും നൽകാനും ഈ കപ്പലുകൾക്ക് കഴിയും.
ഹെലികോപ്റ്റർ പ്രവർത്തനങ്ങൾക്കുള്ള ഡെക്കും സ്വയം പ്രതിരോധ സംവിധാനങ്ങളും കപ്പലിലുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കൂടുതൽ കാലം പ്രവർത്തിക്കുന്ന നാവികസേനാ കപ്പലുകൾക്ക് ആവശ്യമായ ലോജിസ്റ്റിക് പിന്തുണ നൽകുന്നതിൽ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പുകൾ പ്രധാന പങ്കുവഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
45,000 ഡി.ഡബ്ല്യു.ടി വരെ ശേഷിയുള്ള വലിയ കപ്പലുകൾ നിർമ്മിക്കാൻ കഴിയുന്ന രീതിയിലാണ് സ്ലിപ്വേ-4 നവീകരിച്ചിരിക്കുന്നത്. ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി എൽ&ടി ജിയോസ്ട്രക്ചറും കോണെക്രെയിൻസും ചേർന്നാണ് 300 ടൺ ശേഷിയുള്ള ഗൊലിയാത്ത് ക്രെയിൻ നിർമ്മിച്ചത്. വലിയ കപ്പൽ ഭാഗങ്ങൾ വേഗത്തിലും കൃത്യതയോടെയും കൈകാര്യം ചെയ്യാൻ ക്രെയിന് കഴിയും.
ആത്മനിർഭരത കൈവരിക്കുന്നത് പ്രധാന നേട്ടമാണെന്നും ഇനി ഇന്ത്യൻ കപ്പൽനിർമാണ മേഖല ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ളതാകണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഗുണനിലവാരം, ചെലവ്, സാങ്കേതികവിദ്യ, സമയബന്ധിതമായ നിർമ്മാണം എന്നിവയിൽ ലോകത്തിലെ മുൻനിര ഷിപ്പ്യാർഡുകളോട് മത്സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആന്ധ്രാപ്രദേശിലെ എംഎസ്എംഇകൾ, സർവകലാശാലകൾ, ഐ.ടി കമ്പനികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി എച്ച്.എസ്.എൽ കൂടുതൽ സഹകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഇതിലൂടെ വിശാഖപട്ടണത്തെ കേന്ദ്രീകരിച്ച് സമഗ്രമായ ഷിപ്പ്ബിൽഡിംഗ് ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ഉൾപ്പെടെ നാവികസേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.




