ന്യൂഡൽഹി: ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് പ്രാണിയെ കണ്ടെത്തിയതായി യാത്രക്കാരന്റെ പരാതി. യാത്രയ്ക്കിടെ ലഭിച്ച മുട്ട ബിരിയാണിയിലാണ് പ്രാണിയെ കണ്ടതെന്നാണ് ആരോപണം.
സംഭവത്തിന്റെ വീഡിയോ യാത്രക്കാരൻ സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ചതോടെ ഇത് വ്യാപകമായി പ്രചരിച്ചു. “യാത്രക്കാരുടെ ആരോഗ്യത്തോടുള്ള ഈ അവഗണന അവസാനിക്കും?” എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
വീഡിയോയിൽ, ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് കാറ്ററിംഗ് ജീവനക്കാരോട് യാത്രക്കാരൻ ക്ഷുഭിതനായി സംസാരിക്കുന്നതും കാണാം. “ഇതാണോ നിങ്ങൾ നൽകുന്ന ഭക്ഷണം?” എന്നതടക്കമുള്ള ചോദ്യം അദ്ദേഹം ഉയർത്തുന്നു. അതിന് മറുപടിയായി ഭക്ഷണം പുറത്തുനിന്ന് വരുന്നതാണെന്നും മറ്റൊന്ന് നൽകാമെന്നും ജീവനക്കാർ അറിയിച്ചു.
സംഭവത്തെ തുടർന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ കാറ്ററിംഗ് കരാറുകാരനെതിരെ നടപടി സ്വീകരിച്ചു. ബന്ധപ്പെട്ട ഭക്ഷണശാല താൽക്കാലികമായി അടച്ചുപൂട്ടിയതായും വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവം നടന്ന സ്ഥലം വ്യക്തമല്ല. യാത്രക്കാരുടെ ആരോഗ്യവും ശുചിത്വവും പ്രധാനമാണെന്ന് റെയിൽവേ വ്യക്തമാക്കി.
ഇതിനു മുൻപും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വന്ദേഭാരത് എക്സ്പ്രസിൽ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ കരാറുകാരനോട് 10 ലക്ഷം രൂപ പിഴ ചുമത്തുകയും കരാർ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.




