കോഴിക്കോട്: എൻ.ഐ.ടി കാലിക്കറ്റിലെ സെൻട്രൽ ഫോർ വിമൻ വെൽഫെയർ ആൻഡ് സോഷ്യൽ എംപവർമെന്റും(CWSE) വിദ്യാഭ്യാസ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച രണ്ടു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. എൻ.ഐ. ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഡോക്ടർ ജയ്ൻ പ്രസാദ് ചടങ്ങിൽ സന്നിഹിതയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നുമുള്ള വിശിഷ്ട പ്രഭാഷകർ, ഗവേഷകർ തുടങ്ങി നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു.
ലിംഗ സമത്വം, സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിലെ അന്താരാഷ്ട്ര സഹകരണം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഡെന്മാർക്കിലെ എ.എസ്. ഇ. എം എൽ. എൽ എൽ ഹബ് സൗത്ത് ഏഷ്യാ കോ ഓഡിനേറ്റർ മിസ്സ് ശാലിനി സിംഗ്, പോർട്ടുഗലിൽ നിന്നുള്ള ഡോക്ടർ ഫിലിപ്പ കണ്ടെന്റ, ഡോക്ടർ റൊസാന ബറോസ് എന്നിവർ പങ്കുവെച്ചു.
സ്ത്രീകളുടെ അവകാശങ്ങൾ, നീതിയിലെ ആഗോള പ്രവണതകൾ, നയപരമായ നൂതനാശയങ്ങൾ, അധ്യാപക വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങി നിർണായ വിഷയങ്ങൾ ഉൾപ്പെടുത്തി 9 വിഷയം മേഖലകളിലായി പ്രബന്ധ അവതരണങ്ങളും നടന്നു. വിവിധ സാമൂഹിക സാംസ്കാരിക നിയമപരമായ സാഹചര്യങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾ, പ്രതിരോധശേഷി, ശാക്തീകരണം എന്നിവയെ കുറിചുള്ള ചർച്ചകൾക്ക് വേദിയൊരുക്കാൻ ഈ സമ്മേളനത്തിലൂടെ കഴിഞ്ഞു.










