കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപത്തെ കോഫി ഷോപ്പിൽ പരിചയപ്പെട്ട ദമ്പതിമാരിൽ നിന്ന് വ്യാജ സ്വർണം നൽകി ആറു ലക്ഷം രൂപ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക മൈസൂരു സ്വദേശികളായ അർജുൻ (30), വിനോദ് (23) എന്നിവരെയാണ് കന്യാകുമാരിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. രാജസ്ഥാനിൽ നിന്നെത്തി മൈസൂരിൽ താമസിച്ചിരുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
മെഡിക്കൽ മേഖലയിലെ ജീവനക്കാരിയായ പരാതിക്കാരിയെയും ഭർത്താവിനെയുമാണ് പ്രതികൾ ലക്ഷ്യമിട്ടത്. മൈസൂരിൽ ഭൂമി ഖനനം ചെയ്യുന്നതിനിടെ ലഭിച്ച സ്വർണം കൈവശമുണ്ടെന്നും അത് വിൽക്കാൻ സഹായിക്കണമെന്നും പറഞ്ഞാണ് ഒരു സ്ത്രീ ഉൾപ്പെട്ട മൂന്നംഗ സംഘം ദമ്പതികളുമായി അടുപ്പം സ്ഥാപിച്ചത്. വിശ്വാസം നേടാൻ യഥാർത്ഥ സ്വർണ്ണത്തിന്റെ സാമ്പിളും കൈമാറി.
സഹോദരിയുടെ വിവാഹ ആവശ്യത്തിനായി അടിയന്തരമായി പണം വേണമെന്ന പേരിൽ ആറു ലക്ഷം രൂപ മുൻകൂറായി വാങ്ങിയ പ്രതികൾ, ബാക്കി തുക സ്വർണം വിറ്റശേഷം നൽകിയാൽ മതിയെന്നും പറഞ്ഞു. എന്നാൽ പണം കൈപ്പറ്റിയ ഉടൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.
തട്ടിപ്പിനിരയായ ദമ്പതികളുടെ പരാതിയെ തുടർന്ന് പാലാരിവട്ടം പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ കന്യാകുമാരിയിൽ നിന്ന് പിടികൂടി. ഇവരിൽ നിന്ന് തട്ടിപ്പിന് ഉപയോഗിച്ചിരുന്ന വ്യാജ സ്വർണവും മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.
കേരളത്തിലെ വടക്കാഞ്ചേരി, ഷൊർണൂർ എന്നിവിടങ്ങൾ ഉൾപ്പെടെ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലും സമാനരീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.











