ഭുവനേശ്വർ: പൊലീസ് കോൺസ്റ്റബിളിനെ വീട്ടുജോലികൾ ചെയ്യിപ്പിച്ചെന്ന ആരോപണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥനായ ദയാൽ ഗംഗ്‌വാറിനെ ഒഡിഷ സർക്കാർ സസ്‌പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
അനധികൃതമായി കോൺസ്റ്റബിളിനെ വീട്ടുപണികൾക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി മോഹൻ ചരൺ മാജി സസ്‌പെൻഷൻ ഉത്തരവിൽ ഒപ്പുവച്ചതായി അധികൃതർ അറിയിച്ചു. 1998 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ദയാൽ ഗംഗ്‌വർ.
കഴിഞ്ഞ മാസം ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ രഞ്ജൻ സെയിന്റെ കുടുംബവും ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ദയാലിന്റെ കീഴിൽ ജോലി ചെയ്യുമ്പോൾ മകൻ ശാരീരികവും മാനസികവുമായി പീഡനം അനുഭവിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.
അതേസമയം, സൗമ്യ രഞ്ജന്റെ മരണവുമായി ഈ കേസിന് നേരിട്ടുള്ള ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ എഡിജിപി റാങ്ക് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നതായി റിപ്പോർട്ടുണ്ട്.
മകന്റെ സഹായിയുടെ ജിം ബിസിനസിൽ പണം നിക്ഷേപിക്കാൻ ദയാൽ നിർബന്ധിച്ചുവെന്നും, തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് മകൻ സമ്മർദ്ദത്തിലായിരുന്നെന്നും കുടുംബം ആരോപിക്കുന്നു.
ഇതിനിടെ, ദയാലിന്റെ വസതിയിൽ അനുവദനീയതയെക്കാൾ അധിക സ്റ്റാഫ് വിന്യസിച്ചിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം തുടരുകയാണ്.






