തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ വലയിലാക്കാനും അധികാരം പിടിക്കാനും യുഡിഎഫിനെ ഏറ്റവുമധികം സഹായിച്ചത് എന്തായിരുന്നു എന്ന് ചോദിച്ചാൽ അതിന് ഉത്തരങ്ങൾ പലത് കാണും, പക്ഷേ കൂട്ടത്തിലെ പ്രധാനി ആരെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ, അത് ഇന്ദിരാ ഗ്യാരന്റികളായിരുന്നു. അതിൽ ഒരു ഗ്യാരന്റിയായ KSRTC സൗജന്യ യാത്ര കണ്ണിൽ പൊടിയിട്ട് തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ആദ്യ ബജറ്റും പ്രഖ്യാപിച്ചപ്പോൾ ഉയരുന്ന ചോദ്യമാണ്, മറ്റ് നാല് ഗ്യാരന്റികളുടെ ഭാവിയെന്ത് എന്നുള്ളത്.
ഗ്യാരന്റികളിലെ പ്രധാനപ്പെട്ട ഒന്നാണ് ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’. എന്നാലിത് ആദ്യ ബജറ്റിൽത്തന്നെ നനഞ്ഞ പടക്കമായി മാറിയെന്നാണ് വിമർശനങ്ങളേറേയും. കേരളത്തിലെ ഓരോ കുടുംബത്തിനും വർഷം തോറും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ കവറേജ് നൽകുമെന്നായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
എന്നാൽ, അധികാരത്തിലേറി ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ കണ്ടത് സൗജന്യയാത്ര പോലെയൊരു കണ്ണിൽ പൊടിയിടലും. കോടാനുകോടി രൂപ ആവശ്യമുള്ള ഈ മെഗാ പദ്ധതിക്കായി വി ഡി സതീശൻ സർക്കാർ ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. ജനങ്ങളെ അപ്പാടെ വിഡ്ഢികളാക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഈ കൺകെട്ട് വിദ്യ. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിനെന്ന ഒരു വാചകം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പോലും മുന്നോട്ട് പോകുമ്പോൾ ഇതിനായി വേണ്ട കൂടുതൽ തുക എങ്ങനെ കണ്ടെത്തും എന്നുള്ളതിനെ കുറിച്ച് പ്രത്യേകിച്ച് എവിടേയും പരാമർശങ്ങളില്ല.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ഇൻഷുറൻസ് നൽകാൻ ഈ 10 കോടി രൂപ എങ്ങനെയൊപ്പിക്കും എന്നാണ് പൊതുജനം ഇപ്പോൾ ചോദിക്കുന്നത്. പ്രഖ്യാപനത്തിൽ ഹിമാലയൻ വലുപ്പവും പ്രവർത്തിയിൽ കടുക് മണിയോളവുമുള്ള യുഡിഎഫ് ശൈലിക്ക് അടിവരയിടുന്നതാണ് ധനവകുപ്പിന്റെ ഈ നീക്കമെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഒരുപക്ഷേ പ്രാരംഭ നടപടിയെന്നോണം ഒരു പ്രത്യേക ഓഫീസും മറ്റും തുടങ്ങാം എന്നല്ലാതെ ഈ തുക കൊണ്ട് എത്ര കുടുംബങ്ങൾക്ക് ഗുണം കിട്ടുമെന്നത് വലിയ ചോദ്യം.
പ്രീമിയം തുകയായി പോലും ആയിരക്കണക്കിന് കോടികൾ വേണ്ടിവരുന്ന ഒരു പദ്ധതിക്കാണ് ഈ തുച്ഛമായ തുക നീക്കിവെച്ച് ജനങ്ങളെ പരിഹസിക്കുന്നത്. ഉമ്മൻ ചാണ്ടിയെന്ന ബ്രാൻഡിനെ നല്ല രീതിയിൽ ഉപയോഗിച്ച് തന്നെയാണ് വലിയൊരു വിഭാഗം ജനങ്ങളേയും ഇത്തവണ യുഡിഎഫ് പോക്കറ്റിലാക്കിയിരിക്കുന്നത്. പക്ഷേ, തെരഞ്ഞെടുപ്പ് ജയിക്കാൻ ഉമ്മൻ ചാണ്ടിയുടെ പേരും പറഞ്ഞ് വോട്ട് പിടിച്ചവർ, അധികാരത്തിലെത്തിയപ്പോൾ ആ പേരിനോടും ജനങ്ങളോടും ഒരേപോലെ വഞ്ചന കാട്ടുകയാണോ എന്ന ചോദ്യമുയർന്നാൽ തെറ്റ് പറയാനാകുമോ?
വെറും 10 കോടി രൂപ മാറ്റിവെച്ചുകൊണ്ട് കേരളത്തിലെ എത്ര കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നൽകാനാകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനം ചർച്ചയാകുന്നു. എഐ സാങ്കേതികവിദ്യയ്ക്ക് പോലും പിഴയ്ക്കാൻ സാധ്യതയില്ലാത്ത ലളിതമായ ഈ കണക്കിൽ സതീശൻ കാണിച്ച മാജിക്ക് വായുവിൽ കൊട്ടാരം പണിയുന്നതിന് തുല്യമാണെന്നാണ് ഉയരുന്ന വിമർശനം. പ്രാരംഭ പ്രവർത്തനങ്ങൾക്കായി മാത്രമാണ് ഈ 10 കോടി രൂപയെന്ന് ന്യായീകരിക്കാമെങ്കിലും, അടിയന്തര പ്രാധാന്യമുള്ള ഇത്തരമൊരു വൻകിട പദ്ധതി ഇത്രയും തുച്ഛമായ തുകകൊണ്ട് എങ്ങനെ പ്രായോഗികമാക്കുമെന്ന ചോദ്യം ബാക്കിയാവുകയാണ്.
ചുരുക്കത്തിൽ, നോബൽ സമ്മാനം നേടിയ സാമ്പത്തിക ശാസ്ത്രജ്ഞർ പോലും തലപുകഞ്ഞ് ആലോചിച്ചിട്ടും പിടികിട്ടാത്ത ഒരു അപൂർവ്വ ‘ബജറ്റ് തന്ത്രം’ തന്നെയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. 10 കോടി രൂപ കൊണ്ട് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് 25 ലക്ഷത്തിന്റെ ഇൻഷുറൻസ് കൊടുക്കുക എന്ന ഈ അത്ഭുത വിദ്യ എത്ര ദിവസം ഓടുമെന്ന് കണ്ടറിയണം. അതല്ലെങ്കിൽ വരും ദിവസങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതൽ വിശദീകരണങ്ങൾ വേണം.
വോട്ട് തന്ന ജനങ്ങൾക്ക് ഇപ്പോൾ 25 ലക്ഷത്തിന്റെ ആരോഗ്യ സുരക്ഷ കിട്ടിയോ ഇല്ലയോ എന്ന് ചോദിച്ചാൽ, ‘ആരോഗ്യമുള്ള ഒരു ഓഫീസ്’ പ്രാരംഭ നടപടിയായി തിരുവനന്തപുരത്ത് എവിടെയെങ്കിലും ഉയർന്നേക്കാം എന്ന് സമാധാനിക്കാം! തെരഞ്ഞെടുപ്പ് കാലത്ത് ജനപ്രിയ ബ്രാൻഡുകൾ കാട്ടി വോട്ട് വാങ്ങിയിട്ട്, ബജറ്റ് വന്നപ്പോൾ ആ ബ്രാൻഡിനെയും വോട്ടർമാരെയും ഒരുപോലെ വായുവിൽ നിർത്തിയ ഈ മാജിക് കാണാൻ ഇനി അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് പ്രത്യാശിക്കാം. കാരണം, കാശ് പോയാലും കൺകെട്ട് വിദ്യകൾക്ക് ഇവിടെ ഒട്ടും കുറവില്ലല്ലോ!






