ടെഹ്‌റാൻ: ലെബനനിലെ 10 ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് തുറന്ന ഹോർമുസ് കടലിടുക്ക് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും അടച്ച് ഇറാൻ. തങ്ങളുടെ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ ഉപരോധം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഈ നീക്കം.
വെടിനിർത്തൽ കരാറിന് പിന്നാലെ വെള്ളിയാഴ്ച ഇറാൻ കടലിടുക്ക് തുറന്നിരുന്നെങ്കിലും, ഉപരോധം പിൻവലിക്കാൻ അമേരിക്ക തയ്യാറാകാത്തതിനെ തുടർന്ന് ശനിയാഴ്ച വീണ്ടും അടയ്ക്കാൻ തീരുമാനിച്ചു. യുഎസ് കരാർ ലംഘിച്ചുവെന്നാണ് ഇറാൻ സൈന്യത്തിന്റെ ആരോപണം. മേഖലയിലുടനീളം കർശനമായ നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) വീണ്ടും ഏറ്റെടുത്തു. അവരുടെ അനുമതിയില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ അറിയിച്ചു. നിലവിൽ കപ്പൽ ഗതാഗതം കർശന നിയന്ത്രണത്തിലാണ്. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സൈന്യം വ്യക്തമാക്കി.
ഇതിനിടെ, ആണവ കരാറടക്കമുള്ള വിഷയങ്ങളിൽ പൂർണമായൊരു ധാരണയുണ്ടാകുന്നതുവരെ ഇറാന്റെ കപ്പലുകൾക്കെതിരായ ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ഐആർജിസിയുടെ അനുമതി ലഭിച്ച വാണിജ്യ കപ്പലുകൾക്ക് മാത്രമേ ഇനി കടലിടുക്കിലൂടെ സഞ്ചരിക്കാൻ കഴിയൂ എന്നും, അവയ്ക്ക് നിശ്ചിത ടോൾ നൽകേണ്ടതുണ്ടെന്നും ഇറാൻ പാർലമെന്ററി നാഷണൽ സെക്യൂരിറ്റി കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി അറിയിച്ചു.
ലോകത്തെ എണ്ണ-വാതക ഗതാഗതത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന പ്രധാന പാതയാണ് ഹോർമുസ് കടലിടുക്ക്. ഫെബ്രുവരി അവസാനം മുതൽ നീണ്ടുനിന്ന തടസ്സം ആഗോള എണ്ണവില ഉയരാൻ കാരണമായിരുന്നു. ഉപരോധം തുടർന്നാൽ കടലിടുക്ക് തുറക്കില്ലെന്ന മുന്നറിയിപ്പും ഇറാൻ നേതാക്കൾ ആവർത്തിച്ചു.
അതേസമയം, സംഘർഷം ലഘൂകരിക്കാൻ അന്താരാഷ്ട്ര ശ്രമങ്ങൾ തുടരുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഇസ്ലാമാബാദിൽ ഇറാൻ-അമേരിക്ക പ്രതിനിധികൾ തമ്മിൽ ചർച്ചകൾ നടക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.




