വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ യുഎസിൽ സൈനിക ഉന്നതരുടെ സ്ഥാനചലനങ്ങൾ തുടരുന്നു. യുഎസ് നേവി സെക്രട്ടറി ജോൺ ഫെലാനെ ആണ് ഏറ്റവും ഒടുവിൽ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടത്. സ്ഥാനമൊഴിയൽ അദ്ദേഹത്തിന്റെ വ്യക്തിഗത തീരുമാനമാണോ എന്നത് വ്യക്തമാക്കാതെ, തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് പെന്റഗൺ അറിയിച്ചു.
ഈ മാസം തുടക്കത്തിൽ കരസേനാ മേധാവി റാൻഡി ജോർജിനെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. വിശദീകരണം കൂടാതെയായിരുന്നു ആ നീക്കവും. ആർമി സെക്രട്ടറി ഡാനിയൽ ഡ്രിസ്‌കോളുമായി ഉണ്ടായ അഭിപ്രായഭിന്നതകളാണ് ഇതിന് പിന്നിലെന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു. ജനറൽമാരായ ഡേവിഡ് ഹോഡ്നെയും വില്യം ഗ്രീനും അടക്കമുള്ളവരെയും അടുത്തിടെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.
നാവികസേനയുടെ ശേഷിവർധനവുമായി ബന്ധപ്പെട്ട കപ്പൽനിർമാണ പരിഷ്‌കരണങ്ങളിൽ വൈകിയതാണ് ജോൺ ഫെലാനെ നീക്കാനുള്ള പ്രധാന കാരണം എന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ, പ്രതിരോധ വകുപ്പ് നേതൃത്വവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധവും അത്ര സൗഹൃദപരമല്ലായിരുന്നുവെന്നാണ് സൂചന.
ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം തുടരുന്നതിനിടെയാണ് ഈ നടപടി ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.




