ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഇനി സർവീസ് ഫീസ് ഈടാക്കുമെന്ന് ഇറാൻ. ചൈനയിലെ ബെയ്ജിങിൽ നടന്ന വേൾഡ് പീസ് ഫോറത്തിൽ ചൈനയിലെ ഇറാൻ അംബാസഡർ അബ്ദുൽറസൂൽ റഹ്മാനി ഫസ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്.
ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലപരിധിയുടെ ഭാഗമാണെന്നാണ് ഇറാന്റെ വാദം. അതിനാൽ കപ്പലുകളിൽ നിന്ന് സർവീസ് ഫീസ് ഈടാക്കാൻ അവകാശമുണ്ടെന്നും രാജ്യം പറയുന്നു. ഇത് ടോൾ അല്ലെന്നും, കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനും ഗതാഗതം നിരീക്ഷിക്കാനുമുള്ള ഫീസാണെന്നും അംബാസഡർ വ്യക്തമാക്കി.
വൻതോതിലുള്ള കപ്പൽ ഗതാഗതം മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാനും ഈ തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇറാനെ പിന്തുണച്ച സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് ഫീസിൽ ഇളവുകൾ നൽകുമെന്നും അറിയിച്ചു.
ലോകത്തിലെ ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും വലിയൊരു പങ്ക് ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഈ മേഖലയിലെ ഏത് മാറ്റവും ആഗോള ഇന്ധന വിപണിയെ ബാധിക്കാൻ സാധ്യതയുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധകാലത്ത് ഇറാൻ ഈ കടലിടുക്ക് അടച്ചതിനെ തുടർന്ന് ലോക വിപണിയിൽ ഇന്ധനവില ഉയർന്നിരുന്നു. പിന്നീട് അമേരിക്കയുമായുള്ള പ്രാഥമിക ധാരണയുടെ അടിസ്ഥാനത്തിൽ ഉപരോധം പിൻവലിക്കുകയായിരുന്നു. നിലവിൽ സ്ഥിരമായ സമാധാനത്തിനായുള്ള ചർച്ചകൾ തുടരുകയാണ്.
ഇതിനിടെ സർവീസ് ഫീസ് ഏർപ്പെടുത്താനുള്ള ഇറാന്റെ തീരുമാനം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരിക്കുകയാണ്. പുതിയ തീരുമാനം ഇന്ധനവിലയെയും ആഗോള ചരക്ക് ഗതാഗതത്തെയും ബാധിക്കുമോ എന്ന ആശങ്ക വിവിധ രാജ്യങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അമേരിക്ക ഈ നീക്കത്തെ എതിർക്കുന്നുണ്ടെങ്കിലും, സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ ഫീസ് ഈടാക്കാനുള്ള അവകാശം തങ്ങൾക്ക് ഉണ്ടെന്ന നിലപാടിലാണ് ഇറാൻ.




