ഇറാനിലെ യുദ്ധത്തെ തുടർന്ന് ആഗോള വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സം ഔഷധ വിപണിയെ ബാധിച്ചു. ഔഷധ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും (API) സോൾവെന്റുകളുടെയും വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ, മരുന്നുകളുടെ വില 15 ശതമാനം വരെ വർധിപ്പിക്കാൻ നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. വിതരണം സുസ്ഥിരമാക്കാൻ കോവിഡ് കാലത്തെ പോലെ പ്രത്യേക ഇടപെടലുകൾക്ക് സർക്കാർ ശ്രമം നടത്തുന്നുണ്ട്.
ഭൗമരാഷ്ട്രീയ സംഘർഷം മൂലം ഫാർമ മേഖലയിലെ പ്രധാന രാസവസ്തുക്കളുടെ വില രണ്ടുമാസത്തിനിടെ തന്നെ ഇരട്ടിയായി. ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ബ്യൂട്ടൈൽ എത്തനോൾ, അമോണിയ, നാഫ്ത, ഐസോപ്രോപൈൽ ആൽക്കഹോൾ, ഡൈമെതൈൽഫോർമാമൈഡ്, അസറ്റിക് അൻഹൈഡ്രൈഡ് തുടങ്ങിയവയുടെ വില 30 മുതൽ 100 ശതമാനം വരെ ഉയർന്നു.
ഈ വിലക്കയറ്റം ചെറുകിട ഫാർമ കമ്പനികളെയും കരാർ നിർമാണ സ്ഥാപനങ്ങളെയും (CDMOs) ഗുരുതരമായി ബാധിച്ചു. ചില API നിർമാണ യൂണിറ്റുകൾ പ്രവർത്തനം നിർത്തേണ്ട സാഹചര്യമുണ്ടായി.
ഇതിനിടെ, ജീവൻരക്ഷാ മരുന്നുകളുടെ വിലയിൽ 10-15 ശതമാനം വരെ താത്കാലിക വർധന അനുവദിക്കണമെന്ന് വ്യവസായ മേഖല ആവശ്യപ്പെട്ടിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരതയിലായാൽ 3-4 മാസത്തിനകം പഴയ വിലയിലേക്ക് മടങ്ങാനാണ് സാധ്യത.




