ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ അനിശ്ചിതത്വത്തിലായ ഇറാൻ ലോകകപ്പ് കളിക്കുമെന്ന് വ്യക്തമാക്കി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. വരാനിരിക്കുന്ന ലോകകപ്പിൽ ഇറാൻ “തീർച്ചയായും” പങ്കെടുക്കുമെന്ന് അദ്ദേഹം പറയുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ തങ്ങൾ കളിക്കില്ലെന്നും മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നും ഇറാൻ ആവശ്യപ്പെട്ടിരുന്നു.
“ഇറാൻ ഉറപ്പായും വരുന്നുണ്ട്. ആ സമയമാകുമ്പോഴേക്ക് സമാധാനപരമായ അന്തരീക്ഷം നിലവിൽ വരുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. അവർ യോഗ്യത നേടിയവരാണ്, അവിടുത്തെ ജനതയെയാണ് അവർ പ്രതിനിധീകരിക്കുന്നത്. അവർക്ക് അതിനുള്ള അവകാശവുമുണ്ട്.” എന്നായിരുന്നു ഫിഫ പ്രസിഡന്റ് പറഞ്ഞത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിന് ജൂൺ 11-നാണ് കിക്കോഫ്. ജൂണിൽ അമേരിക്കയിലാണ് ഇറാന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കേണ്ടത്. രാജ്യങ്ങൾക്കിടയിൽ പാലങ്ങൾ പണിയാനാണ് ഇത്തരം മത്സരങ്ങൾ എന്ന് ഇൻഫാന്റിനോ കൂട്ടിച്ചേർത്തു. യോഗ്യത നേടിയ എല്ലാ ടീമുകൾക്കും സുരക്ഷിതമായി പങ്കെടുക്കാനുള്ള സൗകര്യമൊരുക്കും.




