‘നൈറ്റ് ലൈറ്റ്’ എന്ന പുതിയ സ്പൈ ത്രില്ലർ സീരീസ് അവതരിപ്പിച്ചിരിക്കുകയാണ് ഇറാൻ. ടെഹ്‌റാൻ എന്ന ഇസ്രയേൽ സീരീസിന് മറുപടിയായാണ് ഇത് എത്തുന്നത്.
‘ടെഹ്‌റാൻ’ ഒരു ഇസ്രയേലി ഏജന്റ് ഇറാനിലേക്ക് കടക്കുന്നതാണ് കഥയെങ്കിൽ, ‘നൈറ്റ് ലൈറ്റ്’ വിദേശ ചാരയായ റാമോസിനെ കണ്ടെത്താൻ ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന ശ്രമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 30 എപ്പിസോഡുകളുള്ള സീരീസാണിത്.
‘നൗറൂസ്’ ആഘോഷവേളയിലാണ് പ്രീമിയർ നടന്നത്. രാജ്യസുരക്ഷയും ചാരപ്രവർത്തന വിരുദ്ധ സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനാണ് സീരീസ് ലക്ഷ്യമിടുന്നത്. ഇറാനിലെ ദേശീയ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയാണ് നിർമ്മാണം.
പ്രശസ്ത ഇറാനിയൻ നടി റോയ നൊനഹാലി ടെലിവിഷൻ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. ഇത് പ്രാദേശികമായി സീരീസിന്റെ ദൃശ്യത ഉയർത്തുമെന്നാണ് വിലയിരുത്തൽ.






