കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിൽ കുവൈത്തിലെ ഒരു പ്രധാന വൈദ്യുതി ഉത്പാദന-ജല ശുദ്ധീകരണ പ്ലാന്റിന് നാശനഷ്ടം സംഭവിച്ചതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ തീപിടിത്തമുണ്ടായതായും ഇത് വൈദ്യുതി ഉത്പാദന യൂണിറ്റുകളെ സാരമായി ബാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
തീപിടിത്തത്തെ തുടർന്ന് പ്ലാന്റിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും ഉത്പാദന സംവിധാനങ്ങൾക്കും വ്യാപകമായ കേടുപാടുകൾ സംഭവിച്ചതായാണ് ഔദ്യോഗിക വിശദീകരണം. വൈദ്യുതി ഉത്പാദനത്തിന്റെ ഭൂരിഭാഗം യൂണിറ്റുകളും ബാധിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താൻ മന്ത്രാലയത്തിന്റെ സാങ്കേതിക വിദഗ്ധരും അടിയന്തര പ്രതികരണ സംഘങ്ങളും സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാനായി പവർ ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കുന്ന അടിയന്തര കർമ്മപദ്ധതികൾ നടപ്പാക്കിയതായി മന്ത്രാലയം അറിയിച്ചു. തകരാറിലായ യൂണിറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിച്ച് സാധാരണ പ്രവർത്തനം പുനരാരംഭിക്കാൻ വിദഗ്ധ സംഘം ശ്രമം തുടരുകയാണ്.
ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതിയും ജലവിതരണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യം മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും കുവൈത്ത് വാർത്താ ഏജൻസിയിലൂടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.




