മയാമി: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം മാത്രം ബാക്കി നില്‍ക്കെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പരിക്ക്. മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിയുടെ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 73-ാം മിനിറ്റില്‍ മെസി തന്നെ സബ്സ്റ്റിട്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. പകരക്കാരന്‍ എത്തിയതോടെ ഗ്രൗണ്ട് വിട്ട മെസി ഉടന്‍ തന്നെ നേരേ ലോക്കര്‍ റൂമിലേക്ക് നടന്നു. ഇതോടെയാണ് താരത്തിന്റെ പരിക്കിനെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നത്.
മെസിയുടെ ഇടത് കാലിന്റെ പിന്‍ഭാഗത്ത് പരിക്കേറ്റതായാണ് സൂചന. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘മെസിയുടെ പരിക്കിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല. മത്സരത്തിനിടെ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഗ്രൗണ്ടില്‍ വെച്ചുള്ള അപകടസാധ്യത ഒഴിവാക്കാനാണ് താരത്തെ മാറ്റിയത്” എന്ന് ഇന്റര്‍ മയാമി പരിശീലകന്‍ പറഞ്ഞു.
ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ദേശീയ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. വലിയ പരിക്ക് ഇല്ലെങ്കില്‍ ഈ ലോകകപ്പ് കൂടി മെസി കളിക്കും. നിലവിലെ ജേതാക്കളായ അര്‍ജന്റീനയുടെ നായകന്‍ ഇപ്പോഴും മെസി തന്നെയാണ്.






