കൊച്ചി: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി കോമാളിയാണെന്ന് പറയുന്ന തോമസ് ഐസക്ക് ധനമന്ത്രിയെന്ന നിലയിൽ ധൂർത്തും ദുർവ്യയവും നടത്തി കേരളത്തിൻ്റെ സമ്പദ്ഘടന തകർത്ത ധാരാളിയാണ്. ധാരാളിത്തത്തിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാക്കിയ തോമസ് ഐസക്ക് കേരള ജനതയെ എരപ്പാളികളാക്കി. പിഷാരടിയെ കോമാളിയെന്ന് അധിക്ഷേപിക്കുന്ന ഐസക്ക് കലാകാരന്മാരെയാകെ അവഹേളിക്കുകയാണ്.
സിനിമാ താരങ്ങളായ ഇന്നസെൻ്റ്, മുകേഷ് എന്നിവർ എൽഡിഎഫ് സ്ഥാനാർത്ഥികളായി വിജയിച്ചവരാണ്. ഗണേശ് കുമാർ പത്തനാപുരത്ത് ഇപ്പോഴും മത്സരിക്കുന്നു. ഇവരും കോമാളികളാണെന്ന് ഐസക്ക് കരുതുന്നുണ്ടാവണം. ഇടതു സഹയാത്രികനായിരുന്ന ചലച്ചിത്ര താരം പ്രേംകുമാറിനെ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തുനിന്നും ഇടതു സർക്കാർ അകാരണമായി പിരിച്ചു വിടുകയാണുണ്ടായത്. മമ്മൂട്ടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ആക്രമണം നടത്തിയ സി.പി.എം സൈബർ ഗുണ്ടകൾക്കെതിരെ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല.






