ജറുസലം: ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലൂടെയോ സൈനിക നടപടികളിലൂടെയോ ഹമാസിനെ നിരായുധീകരിക്കുമെന്ന് നെതന്യാഹു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഗാസയില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായി പിന്മാറില്ലെന്നും നെതന്യാഹു സൂചന നല്കി. ഹമാസ് വളരെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് പിന്മാറ്റം. ഇസ്രയേലും ഹമാസും തമ്മില്‍ തിങ്കളാഴ്ച ഈജിപ്തില്‍വച്ച് ചര്‍ച്ചകള്‍ക്ക് തയാറെടുക്കുകയാണ്.
”ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങള്‍ നിലനിര്‍ത്തും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, ഹമാസിനെ നയതന്ത്രപരമായോ സൈനിക നടപടിയിലൂടെയോ നിരായുധരാക്കും. കൂടുതല്‍ കാലതാമസം ഡോണള്‍ഡ് ട്രംപ് അംഗീകരിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
ഗാസയിലെ ബന്ദികളുടെ മോചനം സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു. ഗാസയില്‍ ശേഷിക്കുന്ന 48 ബന്ദികളില്‍ 20 പേര് ജീവനോടെയുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ ചില ഉപാധികള്‍ ഹമാസ് അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതമറിയിച്ചത്. അതേസമയം, മറ്റ് ഉപാധികളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് ഹമാസ് നിലപാട്
ഹമാസിന്റെ പ്രതികരണം സ്വാഗതം ചെയ്ത ട്രംപ്, ഗാസയിലെ സ്ഫോടനം ഉടന്‍ നിര്‍ത്തണമെന്നു ഇസ്രയേലിനോടു നിര്‍ദേശിച്ചിരുന്നു. യുഎസിന്റെ സമാധാന പദ്ധതി എത്രയും വേഗം അംഗീകരിക്കണമെന്നും അല്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഹമാസ് ചില ഉപാധികള്‍ അംഗീകരിച്ചത്. സമാധാന പദ്ധതി വേഗത്തില്‍ നടപ്പിലാക്കണമെന്നും ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ട്രംപ് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാന പുനസ്ഥാപിക്കാന്‍ കാലതാമസം പൊറുക്കില്ലെന്നും ട്രംപ് മുന്നറിയിപ്പു നല്കി.






