ബാഗ്ദാദ്: ഇറാഖിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ഇറാനെതിരായ വ്യോമാക്രമണങ്ങൾക്കായി ഇറാഖിന്റെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രായേൽ രണ്ട് രഹസ്യ സൈനിക താവളങ്ങൾ പ്രവർത്തിപ്പിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. അൽ-നുഖൈബ് നഗരത്തിന് സമീപമുള്ള ഈ താവളങ്ങളാണ് പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
താവളങ്ങളുടെ രഹസ്യം പുറത്തായതിനെ തുടർന്ന് ഒരു ഇറാഖി ആട്ടിടയനെയും ഒരു സൈനികനെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതായും റിപ്പോർട്ടിൽ ആരോപിക്കുന്നു. അൽ-നുഖൈബിന് സമീപം അബദ്ധത്തിൽ താവളത്തിന് സമീപം എത്തിയ 29 വയസുകാരനായ അവാദ് അൽ-ഷമ്മരിയെ വിവരമറിയിച്ചതിന് പിന്നാലെ വെടിവെച്ചുകൊന്നതായാണ് ആരോപണം.
തുടർന്ന് അന്വേഷണത്തിനെത്തിയ ഇറാഖി സൈനിക സംഘത്തിന് നേരെയും വെടിവെപ്പ് നടന്നതിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇറാനെതിരായ യുദ്ധത്തിന് മുമ്പുതന്നെ ഈ താവളങ്ങൾ സ്ഥാപിച്ചിരുന്നുവെന്നും, കഴിഞ്ഞ വർഷം ജൂണിൽ നടന്ന 12 ദിവസത്തെ സംഘർഷത്തിനിടെയും ഇവ ഉപയോഗിച്ചതായും പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
ഇറാനെതിരായ ആക്രമണങ്ങൾക്ക് പോകുന്ന യുദ്ധവിമാനങ്ങൾക്ക് ഇന്ധനവും ലജിസ്റ്റിക് പിന്തുണയും നൽകുന്നതും അടിയന്തര വൈദ്യസഹായം ഒരുക്കുന്നതുമാണ് ഈ താവളങ്ങളുടെ പ്രധാന പ്രവർത്തനങ്ങളെന്ന് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് ഇറാഖ് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. എന്നാൽ, ഇറാഖിന്റെ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സായുധ സേനാ കമാൻഡർ ഇൻ ചീഫിന്റെ വക്താവിന്റെ പ്രസ്താവന പരോക്ഷ മുന്നറിയിപ്പായി വിലയിരുത്തപ്പെടുന്നു.






