റോം: ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് ഇറ്റലി. പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇസ്രയേലിന് അടുത്ത സഖ്യകക്ഷിയായിരുന്ന ഇറ്റലിയിൽ നിന്ന് അപ്രതീക്ഷിത നീക്കം ഉണ്ടായത്.
വെറോണയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, നിലവിലെ സാഹചര്യത്തിൽ ഇസ്രയേലുമായുള്ള പ്രതിരോധ കരാർ പുതുക്കുന്നത് നിർത്തിവയ്ക്കുകയാണെന്ന് പ്രധാനമന്ത്രി ജോർജിയ മെലോനി വ്യക്തമാക്കി.
ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ മുൻപ് തന്നെ മെലോനി കടുത്ത രീതിയിൽ വിമർശിച്ചിരുന്നു. കൂടാതെ, ലിയോ മാർപാപ്പയെതിരെ അമേരിക്കൻ നേതാവ് ഡോണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളെയും അവർ എതിർത്തിരുന്നു.
2006ൽ നിലവിൽ വന്ന ഇറ്റലി-ഇസ്രയേൽ പ്രതിരോധ കരാർ അഞ്ച് വർഷം കൂടുമ്പോഴാണ് പുതുക്കാറുള്ളത്. പ്രതിരോധ വ്യവസായ സഹകരണം, സൈനികർക്കുള്ള പരിശീലനം, വിദ്യാഭ്യാസം, ഗവേഷണവും വികസനവും, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണമാണിത് ലക്ഷ്യമിട്ടത്.
യൂറോപ്പിൽ ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷികളിലൊന്നായി കണക്കാക്കിയിരുന്ന മെലോനിയുടെ വലതുപക്ഷ സർക്കാർ ഈ തീരുമാനം എടുത്തത് ശ്രദ്ധേയമാണ്. കരാർ പുതുക്കില്ലെന്ന പ്രഖ്യാപനത്തോട് ഇതുവരെ ഇസ്രയേൽ സർക്കാർ പ്രതികരിച്ചിട്ടില്ല.




