മലയാള സിനിമയിൽ ആദ്യമായി ഷാജി കൈലാസും ജോജു ജോർജും ഒന്നിക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ വിഷുദിനത്തിൽ പുറത്തിറങ്ങി. ‘ഗെയിം ഓഫ് സർവൈവൽ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കുമെന്ന് ടീസർ സൂചിപ്പിക്കുന്നു.
കെ.കെ. പോൾസൺ എന്ന ശക്തമായ കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തിൽ എത്തുന്നത്. നാല് വർഷത്തിന് ശേഷം മടങ്ങിയെത്തുന്ന അനിയനെക്കുറിച്ചുള്ള പവർഫുൾ ഡയലോഗോടെ തുടങ്ങുന്ന ടീസറിൽ ഹൈറേഞ്ച് പശ്ചാത്തലത്തിൽ വമ്പൻ കാർ ചേസിംഗുകളും തീപാറുന്ന സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയോര മേഖലയിൽ പ്ലാന്റർമാർക്കിടയിലെ സംഘർഷവും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ഷാജി കൈലാസിന്റെ മുൻ ഹിറ്റ് ചിത്രങ്ങളായ ‘ചിന്താമണി കൊലക്കേസ്’, ‘റെഡ് ചില്ലീസ്’ എന്നിവയുടെ തിരക്കഥാകൃത്ത് എ.കെ. സാജൻ തന്നെയാണ് ‘വരവ്’ക്കും രചന നിർവഹിക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി ചിത്രം നിർമ്മിക്കുന്നു.
ജോജു ജോർജിനൊപ്പം വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, ബൈജു സന്തോഷ്, സുകന്യ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട് എന്നിവർ ഉൾപ്പെടുന്ന വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
ഛായാഗ്രഹണം എസ്. ശരവണൻ, സംഗീതം സാം സി.എസ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ് എന്നിവർ നിർവഹിക്കുന്നു. ചിത്രം മെയ് മാസത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.




