ഷാർജ: യുഎഇയിലെ ഷാർജയിൽ രണ്ട് വയസ്സുകാരനായ പാകിസ്ഥാൻ ബാലൻ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ച സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് അർഷ്മാൻ എന്ന കുട്ടിയാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഏകദേശം 10 വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെയാണ് ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
ദൃശ്യങ്ങളിൽ, പെൺകുട്ടികൾ കുട്ടിക്കൊപ്പം ഫ്ലാറ്റിന് പുറത്തുള്ള കോറിഡോറിൽ കളിക്കുന്നതായി കാണപ്പെടുന്നു. കുട്ടിയുടെ അമ്മ ഏതാനും നിമിഷങ്ങൾക്കായി ഫ്ലാറ്റിനുള്ളിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്. തുടർന്ന് കുട്ടിയെ പടിക്കെട്ടിനരികിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് കെട്ടിടത്തിന്റെ തുറന്ന ഭാഗത്തുനിന്ന് താഴേക്ക് വീഴാൻ ഇടയായ സാഹചര്യം ഉണ്ടായതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ പൊലീസിനെയും ആംബുലൻസിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ്, സിഐഡി, ഫോറൻസിക് സംഘങ്ങൾ തെളിവെടുപ്പ് നടത്തി.
മരിച്ച അർഷ്മാൻ യുഎഇയിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ സ്വദേശിയായ സജ്ജാദ് ഹുസൈന്റെ മകനാണ്. ദീർഘകാല കാത്തിരിപ്പിനൊടുവിൽ ജനിച്ച കുട്ടിയായിരുന്നു അർഷ്മാൻ. കുടുംബത്തിന് രണ്ട് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞുമുണ്ട്.
പ്രതികളായ പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ കേസ് കൂടുതൽ അന്വേഷണത്തിനും കൗൺസിലിംഗ് ഉൾപ്പെടെയുള്ള നടപടികൾക്കുമായി ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കാരണം എന്താണെന്നും കൃത്യമായ സാഹചര്യങ്ങൾ എന്താണെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.






