തിരുവനന്തപുരം: അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്‌കൂളിലെ കെട്ടിടഭാഗം തകര്‍ന്ന് വീണ സംഭവത്തെ തുടര്‍ന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കെട്ടിടസുരക്ഷയും സംബന്ധിച്ച് രാഷ്ട്രീയ വിവാദം ശക്തമായി. സ്കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കോര്‍പ്പറേഷന്‍ നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നുമാണ് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പ്രതികരിച്ചത്.
അതേസമയം, കോര്‍പ്പറേഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്‍ നിര്‍ദേശം നല്‍കി.
കോടികള്‍ ചെലവഴിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഭാഗമാണ് തകര്‍ന്ന് വീണത്. 2020-ല്‍ ഏകദേശം 1.75 കോടി രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടത്തിലെ സര്‍വ ശിക്ഷാ അഭിയാന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയുടെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്. ജീവനക്കാരും വിദ്യാര്‍ഥികളും മുറി വിട്ടതിന് ശേഷമാണ് അപകടം സംഭവിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.
പ്രാഥമിക വിവരങ്ങള്‍ പ്രകാരം, പഴക്കമേറിയ മരപ്പട്ടികകളും കഴുക്കോലുകളും മാറ്റാതെയാണ് കെട്ടിടത്തിന് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് ആരോപണം. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ പരിശോധന നടത്തി.
ഇതിനിടെ, എറണാകുളം വെണ്ണല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കെട്ടിടസുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിലെ ഏഴ് പ്രധാന കെട്ടിടങ്ങളിലൊന്ന് ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണെന്നാണ് ആരോപണം. പലതവണ പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതി. അപകടസാധ്യത കണക്കിലെടുത്ത് മുമ്പ് വിദ്യാര്‍ഥികള്‍ പ്രവേശിക്കാതിരിക്കാന്‍ കെട്ടിടത്തിന് ചുറ്റും കയറുകള്‍ കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അപകടഭീഷണി നിലനില്‍ക്കുന്ന കെട്ടിടം ഉടന്‍ പൊളിച്ചുമാറ്റുകയോ സുരക്ഷിതമാക്കുകയോ ചെയ്യണമെന്ന് രക്ഷിതാക്കളും പൊതുജനങ്ങളും ആവശ്യപ്പെട്ടു. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനതലത്തില്‍ പരിശോധന ശക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.






