പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയാണ് രണ്ട് ദിവസത്തേക്കുള്ള കസ്റ്റഡി അനുവദിച്ചത്.
പ്രശോഭിന്റെ വീട്, പീഡനം നടന്നതായി പറയുന്ന കാർ എന്നിവിടങ്ങളിൽ ഇന്ന് തന്നെ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസിൽ കീഴടങ്ങിയത്.
മാർച്ച് 27നാണ് ദളിത് യുവതി പ്രശോഭിനെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നും, ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ബലാത്സംഗം, എസ്.സി/എസ്.ടി പീഡന നിരോധന നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഡിസിസി നേതൃത്വം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.






